സാന്ത്വന പരിചരണത്തിന് നാടൊരുമിക്കുന്നു
1460465
Friday, October 11, 2024 5:20 AM IST
ചെന്നലോട്: സാന്ത്വന പരിചരണ രംഗത്ത് പുതിയ കാൽവയ്പ്പുമായി തരിയോട് ഗ്രാമപഞ്ചായത്ത്. ഓരോ വീട്ടിലും ഓരോ പാലിയേറ്റീവ് വോളണ്ടിയർ എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ തരിയോട് സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ സഹകരണത്തോടെ പെയിൻ ആൻഡ് പാലിയേറ്റീവ് വോളണ്ടിയർമാർക്കുള്ള പരിശീലനം ആരംഭിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം സൂന നവീൻ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ദിവ്യകല മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗം ബീന റോബിൻസണ്‍ മുഖ്യാതിഥിയായി.
പരിശീലന പരിപാടിക്ക് പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് ജനങ്ങൾക്ക് സൗകര്യപ്രദമായ രീതിയിൽ ഗ്രാമപഞ്ചായത്തിന്റെ അഞ്ചു പ്രദേശങ്ങളിലായാണ് വ്യത്യസ്ത ദിവസങ്ങളിൽ പരിശീലന പരിപാടി നടക്കുക. ഇതിലൂടെ പരമാവധി ആളുകളെ സാന്ത്വന പരിചരണ രംഗത്ത് പ്രവർത്തിക്കാൻ പ്രാപ്തരാക്കും.
ഹോം കെയർ പ്രവർത്തനങ്ങൾ സാന്ത്വന പരിചരണ രംഗത്തെ മറ്റു പ്രവർത്തനങ്ങൾ എന്നിവ സജീവമാക്കുന്നതിനും ഇതിലൂടെ സാധിക്കും. പാലിയേറ്റീവ് ട്രെയിനർമാരായ ശാന്തി അനിൽ, സ്വപ്ന എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
ജനപ്രതിനിധികൾ, സന്നദ്ധപ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കാളികളായി. ഹെൽത്ത് ഇൻസ്പെക്ടർ കിരണ്‍, കമ്മ്യൂണിറ്റി നഴ്സ് ബീന അജു എന്നിവവർ പ്രസംഗിച്ചു.