കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ ദുരിത ബാധിതർക്കുള്ള ഉപജീവന പദ്ധതിക്ക് തുടക്കമായി
1460332
Thursday, October 10, 2024 9:12 AM IST
കൽപ്പറ്റ: ജില്ലയിൽ ഉരുൾപൊട്ടൽ, വെള്ളപ്പൊക്ക ദുരിതത്തിൽ ഉൾപ്പെട്ടിട്ടുള്ള കുടുംബങ്ങളെ ഉപജീവന പദ്ധതികളിലൂടെ സഹായിക്കുന്നതിനുള്ള കത്തോലിക്കാ സഭയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമായി.
ആദ്യഘട്ടത്തിൽ 950 കുടുംബങ്ങൾക്ക് പതിനായിരം രൂപ വീതം വിലയുള്ള ബാക്ക് ടു ഹോം കിറ്റുകളും അതേ കുടുംബങ്ങൾക്ക് 9500 രൂപ വീതം അവരുടെ അക്കൗണ്ടുകളിലേക്ക് കാഷ് ട്രാൻസ്ഫറും നടത്തിയിരുന്നു.
അതിന്റെ തുടർച്ചയായി രണ്ടാം ഘട്ടത്തിൽ 900 കുടുംബങ്ങൾക്ക് വരുമാന വർധക പരിപാടികൾക്കായി ഒന്നരകോടി രൂപയാണ് കത്തോലിക്കാ സഭ ചെലവഴിക്കുന്നത്.
കേരള സോഷ്യൽ സർവീസ് ഫോറത്തിന്റെയും കാരിത്താസ് ഇന്ത്യയുടെയും മേൽനോട്ടത്തിൽ കാത്തലിക് റിലീഫ് സർവീസിന്റെ സാന്പത്തിക സഹായത്തോടെ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി, ശ്രേയസ് ബത്തേരി, ജീവന കോഴിക്കോട് എന്നീ രൂപത സോഷ്യൽ സർവീസ് സൊസൈറ്റികളാണ് ജില്ലയിൽ പദ്ധതി നിർവഹണം നടത്തുന്നത്.
അടുത്ത അഞ്ച് മാസം കൊണ്ട് 900 കുടുംബങ്ങളെ സഹായിക്കാനാണ് ലക്ഷ്യം വയ്ക്കുന്നത്. പദ്ധതിയിൽ പങ്കാളികളായ വ്യക്തികൾക്ക് അവരുടെ അഭിരുചിക്ക് അനുസരിച്ചു വരുമാന വർധക പരിപാടികൾ തെരഞ്ഞെടുക്കാൻ സാധിക്കും. പശു വളർത്തൽ, ആട് വളർത്തൽ, കോഴി വളർത്തൽ, കൂണ്‍കൃഷി, തേനീച്ച വളർത്തൽ, ടൈലറിംഗ്, വ്യാപാരം, പൂകൃഷി, കറി പൗഡർ യൂണിറ്റ്, മത്സ്യകൃഷി, ഗ്രൂപ്പ് സംരംഭങ്ങൾ തുടങ്ങി വിവിധ പദ്ധതികൾ ഉൾപ്പെടുത്തുന്നതാണ്.
ഈ പ്രോജക്ടുമായി ബന്ധപ്പെട്ട് പദ്ധതി നിർവഹണം സംബന്ധിച്ച് ആസൂത്രണം നടത്തുന്നതിന് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ രണ്ട് ദിവസത്തെ പരിശീലനം നടന്നു. കാരിത്താസ് ഇന്ത്യ ടീം ലീഡർ ഡോ.വി.ആർ. ഹരിദാസ് ഉദ്ഘാടനം ചെയ്തു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ അധ്യക്ഷത വഹിച്ചു.
പദ്ധതി നിർവഹണത്തിലേക്ക് ഗുണഭോക്താക്കളെ കണ്ടെത്തുന്നതിൽ പാലിക്കേണ്ട മാനദണ്ഡങ്ങളെക്കുറിച്ച് വേൾഡ് ബാങ്ക് കണ്‍സൾട്ടന്റായ പി.കെ. കുര്യൻ വിശദമാക്കി. പദ്ധതി ഘടകങ്ങൾ തെരഞ്ഞെടുക്കുന്നതിനെ കുറിച്ചും സുസ്ഥിരത ഉറപ്പു വരുത്തുന്നതിനെകുറിച്ചും കാത്തലിക് റിലീഫ് സർവീസ് കണ്‍സൾട്ടന്റ് എം. അരുളപ്പ വിശദമാക്കി. ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഡേവിഡ് ആലുങ്കൽ, ജീവന എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ആൽബർട്ട് വിസി, കേരള സോഷ്യൽ സർവീസ് ഫോറം പ്രോജക്ട് മാനേജർ കെ.ഡി. ജോസഫ്, കാത്തലിക് റിലീഫ് ഫോറം ഫിനാൻസ് ഓഫീസർ സി.ജെ. വർഗീസ്, വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി പ്രോഗ്രാം ഓഫീസർ പി.എ. ജോസ്, ശ്രേയസ് പ്രോഗ്രാം മാനേജർ കെ.പി. ഷാജി, ജീവന പ്രോഗ്രാം മാനേജർ വിനീത എന്നിവർ പ്രസംഗിച്ചു.