ആസ്പിരേഷണൽ ജില്ലാബ്ലോക്ക് പദ്ധതി: ജില്ലാതല സന്പൂർണതാ പ്രഖ്യാപനം ഇന്ന്
1459921
Wednesday, October 9, 2024 6:55 AM IST
കൽപ്പറ്റ: ആസ്പിരേഷണൽ ജില്ലാബ്ലോക്ക് പദ്ധതികളുടെ തിരഞ്ഞെടുക്കപ്പെട്ട ആറ് സൂചകങ്ങളുടെ പൂർത്തീകരണത്തിനായി ജൂലൈ മുതൽ സെപ്റ്റംബർ 30 വരെ നടന്ന സന്പൂർണതാ അഭിയാൻ കാന്പയിൻ പ്രവർത്തനങ്ങളുടെ സമാപനം, "സമാപൻ സമാരോഹ്’യോഗവും ജില്ലാതല സന്പൂർണതാ പ്രഖ്യാപനവും ഇന്ന് നടക്കും.
ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ മുട്ടിൽ കോപ്പർ കിച്ചണ് കണ്വെൻഷൻ സെന്ററിൽ രാവിലെ 11ന് നടക്കുന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ജില്ലയുടെ സന്പൂർണതാ പ്രഖ്യാപനം നടത്തും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു, ജില്ലയിലെ മുനിസിപ്പാലിറ്റി ചെയർപേഴ്സണ്മാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമാർ, ഗ്രാമ പഞ്ചായത്ത് അധ്യക്ഷൻമാർ, സബ് കളക്ടർ, അസിസ്റ്റന്റ് കളക്ടർ, ജില്ലാബ്ലോക്ക്തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
സന്പൂർണതാ അഭിയാൻ കാന്പയിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട സൂചകങ്ങളുടെ പൂർത്തീകരണത്തിനായി മികച്ച പ്രവർത്തനങ്ങൾ നടത്തിയ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാർ, ആസ്പിരേഷണൽ ബ്ലോക്ക് പദ്ധതിയുടെ മേൽ നോട്ടത്തിന് ബ്ലോക്കുകളുടെ ചുമതല നൽകപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥർ, ആസ്പിരേഷണൽ ബ്ലോക്ക് ഫെലോസ് എന്നിവരെ യോഗത്തിൽ അനുമോദിക്കും. ആസ്പിരേഷണൽ ബ്ലോക്ക് പദ്ധതിയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിവരുന്ന നാല് ബ്ലോക്കു പഞ്ചായത്തുകളേയും യോഗത്തിൽ പ്രത്യേകം ആദരിക്കും.
രാജ്യത്തെ പിന്നാക്കം നിൽക്കുന്ന ജില്ലകളേയും ബ്ലോക്കുകളേയും വികസന പാതയിലേക്ക് കൊണ്ടുവരാനും അതുവഴി ആഗോള തലത്തിൽ രാജ്യത്തിന്റെ മാനവ പുരോഗതി സൂചിക മെച്ചപ്പെടുത്തുന്നതിനും സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമായാണ് ആസ്പിരേണൽ ജില്ലാബ്ലോക്ക് പദ്ധതികൾ ആവിഷ്കരിച്ചത്. ദേശീയസംസ്ഥാനപ്രാദേശിക പദ്ധതികളുടെ കേന്ദ്രീകരണം, ഉദ്യോഗസ്ഥരുടെ കൂട്ടായ പ്രവർത്തനം, ജില്ലകൾ തമ്മിലുളള മത്സരക്ഷമത, സർവോപരി, കൂട്ടായ മുന്നേറ്റം വഴി പിന്നാക്ക ജില്ലകളെ ദ്രതഗതിയിൽ ഫലപ്രദമായി പരിവർത്തിപ്പിച്ചെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആരോഗ്യപോഷണ മേഖല, വിദ്യാഭ്യാസം, കൃഷിജല വിഭവം, സാന്പത്തികനൈപുണ്യ വികസനം, അടിസ്ഥാന സൗകര്യ വികസനം എന്നീ അഞ്ച് മേഖലകളിലെ പുരോഗതിയാണ് ഈ പദ്ധതികളുടെ കീഴിൽ വിലയിരുത്തുന്നത്.
ദേശീയ തലത്തിൽ നീതി ആയോഗിന്റെ മേൽനോട്ടത്തിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനും കേന്ദ്ര സർക്കാരിലെ ജോയിന്റ് സെക്രട്ടറി റാങ്കിലുളള സെൻട്രൽ പ്രഭാരി ഓഫീസറെ നീതി ആയോഗ് ചുമതലപ്പെടുത്തിയിട്ടുണ്ട്. ആസൂത്രണസാന്പത്തിക കാര്യ വകുപ്പ് സെക്രട്ടറിയാണ് സംസഥാന പ്രഭാരി ഓഫീസർ. പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ജില്ലാ കളക്ടർ ഉൾപ്പെടുന്ന ഉന്നതതല കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ജില്ലാ കളക്ടറാണ് ജില്ലാതല നോഡൽ ഓഫീസർ.
ജില്ലാതലത്തിൽ പദ്ധതി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും വിലയിരുത്തുന്നതിനുമായി ജില്ലാതല ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന കമ്മിറ്റി എല്ലാമാസവും ആസ്പിരേഷണൽ ജില്ലാ പദ്ധതിയുടെ പുരോഗതി നിരീക്ഷിക്കുന്നുണ്ട്. സംസ്ഥാന തലത്തിൽ പദ്ധതി നിരീക്ഷണ വിലയിരുത്തൽ അവലോകന വകുപ്പാണ് ഈ പദ്ധതികൾ ഏകോപിപ്പിക്കുന്നത്.
ആസ്പിരേഷണൽ ജില്ലാ പദ്ധതിയുടെ വിവിധ വിഷയ മേഖലകളിൽ കൈവരിച്ചിട്ടുളള നേട്ടങ്ങൾ അടിസ്ഥാനമാക്കി 19 കോടി രൂപ ഇതിനകം ജില്ലയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇതിൽ എട്ടു കോടി രൂപയുടെ പ്രവൃത്തികൾ പൂർത്തീകരിച്ചിട്ടുണ്ടെന്നും ബാക്കി പ്രവൃത്തികൾ നടന്നു വരുന്നതായും ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ പറഞ്ഞു.