നൂൽപ്പുഴ പൈതൃക മ്യൂസിയം വൈകാതെ തുറക്കും
1458828
Friday, October 4, 2024 5:02 AM IST
സുൽത്താൻ ബത്തേരി: നൂൽപ്പുഴ പഞ്ചായത്ത് കല്ലൂർ 67ൽ സജ്ജമാക്കിയ പൈതൃക മ്യൂസിയം വൈകാതെ പ്രവർത്തനമാരംഭിക്കും. ഇതിനു നടപടികൾ സ്വീകരിച്ചുവരികയാണെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. മാസങ്ങൾ മുൻപ് ഉദ്ഘാടനം നടത്തിയിട്ടും മ്യൂസിയം തുറന്നുപ്രവർത്തിക്കാത്തത് വിമർശനത്തിന് ഇടയാക്കിയിരുന്നു.
എംഎൽഎ ഫണ്ടിൽനിന്ന് 25 ലക്ഷവും പഞ്ചായത്ത് ഫണ്ടിൽനിന്ന് 10 ലക്ഷവും രൂപ ചെലവഴിച്ചാണ് മ്യൂസിയത്തിന് കെട്ടിടം നിർമിച്ചത്. ചരിത്രരേഖകളും ഗോത്രജനതയും ആദ്യകാല കുടിയേറ്റക്കാരും ഉപയോഗിച്ച ഉപകരണങ്ങളും മ്യൂസിയത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. ജില്ലയടെ വിവിധ ഭാഗങ്ങളിൽനിന്നു കണ്ടെടുത്തതാണ് ചരിത്ര രേഖകൾ.
നിലവിൽ നൂറോളം ചരിത്രാവശിഷ്ടങ്ങൾ മ്യൂസിയത്തിലുണ്ട്. ഗതകാലത്ത് ഉപയോഗത്തിലുണ്ടായിരുന്ന കലപ്പ, നുകം, കുന്തം, എഴുത്താണി, താളിയോലകൾ, മീൻ പിടിത്തത്തിനുള്ള ചാട, മുറം, കൊമ്മ, പറ, പാണ്ടിക്കല്ല്, കന്നുകാലികളുടെ കഴുത്തിൽ കെട്ടുന്ന തട്ട, പരന്പരാഗത നെൽവിത്തുകൾ, ശിലാലിഖിതങ്ങൾ എന്നിവ മ്യൂസിയത്തിലുണ്ട്.