പാചകവാതക വിതരണം: ഒടിപി നിർബന്ധമാക്കിയത് ഏജൻസികളെയും ഉപഭോക്താക്കളെയും വലയ്ക്കുന്നു
1458277
Wednesday, October 2, 2024 5:30 AM IST
മാനന്തവാടി: പാചക വാതക വിതരണത്തിൽ മുന്നറിയിപ്പില്ലാതെ വണ്‍ ടൈം പാസ്വേഡ്(ഒടിപി) നിർബന്ധമാക്കിയത് ഗുണഭോക്താക്കളെയും ഏജൻസികളെയും വലയ്ക്കുന്നു.
ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷനാണ് സെപ്റ്റംബർ 20 മുതൽ സിലിണ്ടർ വിതരണത്തിന് നാല് ണക്ക ഒടിപി നിർബന്ധമാക്കിയത്. ഗ്യാസ് ബുക്ക് ചെയ്യുന്പോൾ കിട്ടുന്ന നാലക്ക ഒടിപി വിതരണ സമയത്ത് ജീവനക്കാർക്ക് നൽകിയാൽ മാത്രമേ സിലിണ്ടർ കൈമാറാവൂ എന്നാണ് എച്ച്പി കോർപറേഷൻ ഏജൻസികളെ അറിയിച്ചിരിക്കുന്നത്.
ബുക്ക് ചെയ്ത ആളിന്റെ മൊബൈൽ ഫോണിൽ ലഭിക്കുന്ന ഒടിപി ഇല്ലെങ്കിൽ ഗ്യാസ് ലഭിക്കുകയില്ല ഒടിപി കൈവശമുള്ള ആൾ വിതരണ സമയത്ത് വീട്ടിൽ ഉണ്ടാകണം. അല്ലെങ്കിൽ ഗ്യാസ് കിട്ടില്ല. ബുക്ക് ചെയ്ത സിലിണ്ടർ നന്പറിന്റെ പേരിൽ ഉപഭോക്താക്കളും വിതരണത്തൊഴിലാളികളുടെയും തമ്മിൽ വാക്കേറ്റം പതിവാണ്.
സിലിണ്ടറിന് ഏജൻസികളിൽ നേരിട്ടെത്തുന്നവർക്കു ഒടിപി ലഭിക്കാൻ വൈകുന്നുണ്ട്. പല വീടുകളിലും മുതിർന്നവരുടെ പേരിലാണ് ഗ്യാസ കണക്ഷൻ. ഇവരിൽ പലർക്കും മൊബൈൽ ഫോണ്‍ ഇല്ല. മൊബൈൽ ഫോണ്‍ ഇല്ലാത്ത പട്ടികവർഗ ഉപഭോക്താക്കളും നിരവധിയാണ്. ഉപഭോക്താക്കൾക്കു കൃത്യമായി ഗ്യാസ് ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് പുതിയ സംവിധാനമെന്നാണ് കോർപറേഷൻ വിശദീകരണം. ഒടിപി നിർബന്ധമാക്കിയതിൽ പ്രതിഷേധം വ്യാപകമാണ്.