മേരിയുടെ നിര്യാണത്തിൽ രാഹുൽഗാന്ധി അനുശോചിച്ചു
1454378
Thursday, September 19, 2024 5:45 AM IST
കൽപ്പറ്റ: പുൽപ്പള്ളി സുരഭിക്കവല നിരപ്പുതൊട്ടിയിൽ പരേതനായ മാത്യുവിന്റെ ഭാര്യ മേരിയുടെ നിര്യാണത്തിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അനുശോചിച്ചു. പ്രാർത്ഥനകളും ചിന്തകളും ഒപ്പമുണ്ടാകുമെന്നും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും മകൻ ബെന്നി മാത്യുവിന് അയച്ച അനുശോചനസന്ദേശത്തിൽ രാഹുൽ കുറിച്ചു.
വാർധക്യത്തിലും കൃഷിയിൽ സജീവമായിരുന്ന മാത്യു-മേരി ദന്പതികളെക്കുറിച്ച് രാഹുൽ ഗാന്ധി നേരത്തേ സമൂഹമാധ്യമത്തിൽ വീഡിയോ സഹിതം പോസ്റ്റ് ഇട്ടിരുന്നു. 2021 ൽ രാഹുൽ പുറത്തിറക്കിയ കലണ്ടറിലും ദന്പതികളെക്കുറിച്ച് പരാമർശം ഉണ്ടായിരുന്നു. മൂന്നുവർഷം മുൻപായിരുന്നു മാത്യുവിന്റെ മരണം.
രാഹുൽഗാന്ധിയുടെ ട്വീറ്റിലൂടെ ദേശീയ ശ്രദ്ധയിലേക്കെത്തിയ ദന്പതികളായിരുന്നു മാത്യുവും മേരിയും.
വാർധക്യജന്യ രോഗങ്ങൾ അലട്ടുന്പോഴും ദന്പതികൾ കൃഷിയിൽ സജീവമായിരുന്നു. രാജ്യത്തെ കൃഷിക്കാരുടെവേദനകളും ആശങ്കകളുമാണ് ഈ ദന്പതികൾ പങ്കുവയ്ക്കുന്നതെന്നും രാജ്യവും സർക്കാരും ഇക്കാര്യം ശ്രദ്ധിക്കേണ്ടതുണ്ടെന്നും ലോക കാർഷികദിനത്തിൽ രാഹുൽഗാന്ധി ട്വീറ്റ് ചെയ്തിരുന്നു.
1969ലാണ് കോട്ടയം കടുത്തുരുത്തിയിൽനിന്നു മാത്യുവും മേരിയും പുൽപ്പള്ളിയിലെത്തിയത്. കോട്ടയത്തെ ഭൂമി വിറ്റുകിട്ടിയ പണംകൊണ്ട് സുരഭിക്കവലയിൽ മൂന്നേക്കർ സ്ഥലമാണ് വാങ്ങിയത്. ദന്പതികൾ സ്ഥലം പാട്ടത്തിനെടുത്ത് നെൽക്കൃഷിയും നടത്തിയിരുന്നു.
മേരിയുടെ മരണത്തിൽ അനുശോചിക്കുന്നതിന് രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിൽനിന്നുള്ള നിരവധി പേരാണ് സുരഭിക്കവലയിലെ വീട്ടിലെത്തിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് മുള്ളൻകൊല്ലി സെന്റ് മേരീസ് ഫൊറോന പള്ളിയിലായിരുന്നു സംസ്കാരം.