കൃഷിവകുപ്പിന്റെ വാഹനങ്ങൾ തുരുന്പെടുത്തു നശിക്കുന്നു
1454078
Wednesday, September 18, 2024 5:25 AM IST
സുൽത്താൻ ബത്തേരി: അമ്മായിപ്പാലം കാർഷിക ഗ്രാമീണ മൊത്ത വിതരണ കേന്ദ്രത്തിൽ വാഹനങ്ങൾ തുരുന്പെടുത്തു നശിക്കുന്നു. കർഷകരിൽനിന്നു സംഭരിക്കുന്ന ഉത്പന്നങ്ങൾ ഇതര ജില്ലകളിൽ എത്തിക്കുന്നതിനു ഉപയോഗപ്പെടുത്തിയിരുന്ന ശീതീകരണ സംവിധാനങ്ങളുള്ള രണ്ട് ടെന്പോകളും ഉദ്യോഗസ്ഥരുടെ യാത്രയ്ക്കു വാങ്ങിയ ക്വാളിസ് കാറുമാണ് നശിക്കുന്നത്. മൊത്ത വിതരണ കേന്ദ്രത്തിന്റെ പ്രവർത്തനം മന്ദീഭവിച്ചതാണ് വാഹനങ്ങളുടെ ദുരവസ്ഥയ്ക്കു ഇടയാക്കിയത്.
ഫ്രീസർ സൗകര്യമുള്ള ടെന്പോകളിൽ ഒന്ന് പ്രാദേശികമായി വാങ്ങിയതാണ്. കാസർഗോഡ് ജില്ലയിൽനിന്നു എത്തിച്ചതാണ് രണ്ടാമത്തേത്. രണ്ടുവാഹനങ്ങളും കുറച്ചുകാലം മാത്രമാണ് ഓടിയത്. വാഹനങ്ങൾ നശിക്കുന്നതുമൂലം ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് സർക്കാരിനുണ്ടാകുന്നത്. ടെന്പോകളിൽ ഒന്നിന്റെ ബാറ്ററി കാണാതായിട്ടുണ്ട്.
കർഷകർക്ക് ഏറെ പ്രതീക്ഷയേകിയാണ് വിപണി ആരംഭിച്ചത്. കൃഷി വകുപ്പ് സംഭരിക്കുന്ന കാർഷിക വിളകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതും പൊതു വിപണിയിലെ വിലയിലുണ്ടായ ഏറ്റക്കുറച്ചിലുമാണ് മൊത്ത വിതരണ കേന്ദ്രത്തിന്റെ പ്രവർത്തനത്തെ ബാധിച്ചത്. വർഷങ്ങൾ മുൻപ് കൃഷി മന്ത്രി അമ്മായിപ്പാലം സന്ദർശിച്ചപ്പോൾ വിപണിയുടെയും വാഹനങ്ങളുടെയും സ്ഥിതി ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. മന്ത്രി ഉദ്യോഗസ്ഥരോട് റിപ്പോർട്ട് ആവശ്യപ്പെട്ടെങ്കിലും തുടർനടപടി ഉണ്ടായില്ല.