വെള്ളമുണ്ട സ്നേഹദീപം ന്യൂട്രിമിക്സ് ഉത്പാദന കേന്ദ്രത്തിനു സ്വന്തം കെട്ടിടമായി
1452979
Friday, September 13, 2024 4:43 AM IST
വെള്ളമുണ്ട: പഞ്ചായത്തിലെ എട്ടേനാല് സ്നേഹദീപം ന്യൂട്രിമിക്സ് ഉത്പാദന കേന്ദ്രത്തിന് സ്വന്തം കെട്ടിടമായി. വിവിധ ഘട്ടങ്ങളായി ജില്ലാ പഞ്ചായത്ത് അനുവദിച്ച 40 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം പണിതത്. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
യന്ത്രങ്ങളുടെ സ്വിച്ച് ഓണ്‍ കർമം പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ നിർവഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ഇ.കെ. സൽമത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം റംല മുഹമ്മദ്, സിഡിഎസ് ചെയർപേഴ്സണ്‍ സജ്ന ഷാജി, എൻ.കെ. മോഹനൻ, വിനോദ് പാലിയാണ, ഷൈനി ജോസ്, റോസ്ലി ബേബി, മേഴ്സി സ്റ്റീഫൻ എന്നിവർ പ്രസംഗിച്ചു.
എട്ടേനാലിൽ 2006ൽ വാടകക്കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചതാണ് സ്നേഹദീപം ന്യൂട്രിമിക്സ് ഉത്പാദന കേന്ദ്രം. ബാങ്ക് വായ്പയെടുത്തു വാങ്ങിയ 10 സെന്റിലാണ് കെട്ടിടം പണിതത്. സമീപ ഭാവിയിൽ മൂല്യവർധിത ഉത്പന്നങ്ങൾ നിർമിച്ച് വിപണിയിൽ എത്തിക്കാനാണ് സ്നേഹദീപം പ്രവർത്തകരുടെ തീരുമാനം.