സന്പൂർണ പുനരധിവാസം ഉറപ്പുവരുത്തണം: ടി. സിദ്ദിഖ്
1452977
Friday, September 13, 2024 4:43 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്തത്തിൽ ഒറ്റപ്പെട്ടവരുടെ സന്പൂർണ പുനരധിവാസം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും റവന്യു മന്ത്രി കെ. രാജനും ടി. സിദ്ദിഖ് എംഎൽഎ നിവേദനം നൽകി.
ദുരന്തത്തിൽ മാതാപിതാക്കളും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ ഒൻപത് അംഗങ്ങളെ നഷ്ടമായ ചൂരൽമലയിലെ ശ്രുതിക്ക് ജോലി നൽകണം. കഴിഞ്ഞ ദിവസം വെള്ളാരംകുന്നിലുണ്ടായ വാഹനാപകടത്തിൽ ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസനും മരിച്ചു.
ജീവിതത്തിൽ കൊടിയ പ്രയാസങ്ങളെ നേരിടുന്ന ശ്രുതിക്ക് ആത്മവിശ്വാസവും ആശ്വാസവും നൽകേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. ശ്രുതിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനു സാധ്യമായതെല്ലാം ചെയ്യണം.
ഉരുൾപൊട്ടലിൽ മാതാപിതാക്കൾ നഷ്ടമായ കുട്ടികളുടെ സംരക്ഷണം സർക്കാർ ഉറപ്പുവരുത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.