ഉരുൾദുരന്തം: പ്രത്യേക അദാലത്തിൽ ആദ്യദിനം 257 അപേക്ഷകർ
1452735
Thursday, September 12, 2024 5:42 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി ജില്ലാ ഭരണകൂടം പ്രത്യേക അദാലത്ത് നടത്തി. മേപ്പാടി പഞ്ചായത്തിലെ 10,11,12 വാർഡുകളിൽ ദുരന്തത്തിൽ ഉൾപ്പെട്ടതും ഇതുവരെ ധനസഹായങ്ങളും മറ്റും ലഭിക്കാത്തവർക്കുമായാണ്അദാലത്ത് സംഘടിപ്പിച്ചത്.
മേപ്പാടി ഗവ.എൽപി സ്കൂളിന് സമീപം എംഎസ്എ ഹാളിൽ നടന്ന അദാലത്തിൽ ആദ്യദിവസം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 257 അപേക്ഷകൾ ലഭിച്ചു. 10-ാം വാർഡിൽനിന്നു 37 ഉം 11-ാം വാർഡിൽനിന്നു 36 ഉം 12-ാം വാർഡിൽനിന്നും 184 ഉം അപേക്ഷകളാണ് ലഭിച്ചത്. കൃഷി വകുപ്പിൽനിന്നുള്ള സഹായത്തിന് നാലും മൃഗസംരക്ഷണവകുപ്പിൽനിന്നുളള സഹായത്തിന് ആറും ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനു 18 ഉം അപേക്ഷകൾ ലഭിച്ചു.
രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു വരെ ഇന്നും പ്രത്യേക അദാലത്ത് നടക്കും. ദുരന്തബാധിത വാർഡുകളിലുള്ളവർക്ക് അദാലത്തിൽ പങ്കെടുത്ത് വിവരം ധരിപ്പിക്കാം. താത്കാലികമായി പുനരധിവസിപ്പിച്ചതിൽ ഫർണിച്ചർ ലഭിക്കാത്തർക്കും അദാലത്തിലെത്തി വിവരം അറിയിക്കാം. അക്ഷയകേന്ദ്രം, കൃഷി, മൃഗസംരക്ഷണ വകുപ്പുകൾ എന്നിവയുടെ കൗണ്ടർ അദാലത്തിൽ പ്രവർത്തിക്കുന്നുണ്ട്. ജില്ലാ സാന്പത്തിക സ്ഥിതി വിവരക്കണക്ക് വിഭാഗമാണ് വിവരം ക്രോഡീകരിക്കുന്നത്.