രാഷ്ട്രീയ യുവജനതാദൾ പ്രവർത്തകർ കൽപ്പറ്റ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു
1452730
Thursday, September 12, 2024 5:37 AM IST
കൽപ്പറ്റ: രാഷ്ട്രീയ യുവജനതാദൾ പ്രവർത്തകർ മുനിസിപ്പൽസെക്രട്ടറിയെ അദ്ദേഹത്തിന്റെ കാര്യാലയത്തിൽ ഉപരോധിച്ചു. തകർന്നുകിടക്കുന്ന റോഡുകൾ സഞ്ചാരയോഗ്യമാക്കുന്നതിന് മുനിസിപ്പൽ അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷോധിച്ചായിരുന്നു സമരം.
ജില്ലാ പ്രസിഡന്റ് പി.പി. ഷൈജൽ, സംസ്ഥാന ജനറൽ സെക്രട്ടറി കെ.ടി. ഹാഷിം, ഷൈജൽ കൈപ്പങ്ങൽ, ജാഫർ അന്പിലേരി, ഹമീദ് ചുഴലി അബ്ദുൽ ലത്തീഫ്, സി.കെ. സലിം, ഹാറൂണ്‍ ബൈപാസ്, ജംഷീദ് മുത്തു എന്നിവർ പങ്കെടുത്തു.
രാവിലെ ആരംഭിച്ച ഉപരോധം റോഡുകൾ നന്നാക്കുന്നതിന് വൈകാതെ നടപടി ഉണ്ടാകുമെന്ന് സെക്രട്ടറി ഉറപ്പുനൽകിയതിനെത്തുടർന്നാണ് അവസാനിപ്പിച്ചത്.
നഗരസഭയിലെ മിക്ക റോഡുകളും തകർന്നുകിടക്കുകയാണെന്ന് ഷൈജൽ പറഞ്ഞു. കെഎസ്ആർടിസി ഗാരേജ്, മിൽമ പ്ലാന്റ് എന്നിവിടങ്ങളിലേക്കുള്ള ചുഴലി റോഡ്, ടൗണിൽ ട്രാഫിക് ബ്ലോക്ക് ഉണ്ടാകുന്പോൾ വാഹനങ്ങൾ തിരിച്ചുവിടുന്ന തുർക്കി റോഡ്,
ആളുകൾ തിങ്ങിപ്പാർക്കുന്ന അന്പിലേരി- നെടുങ്ങോട് റോഡ്, പുളിയാർമല റോഡ് എന്നിവ സഞ്ചാരയോഗ്യമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.