പുനരധിവാസം വേഗത്തിലാക്കാൻ സ്പെഷൽ ഓഫീസ് സ്ഥാപിക്കണം: ജോയിന്റ് കൗണ്‍സിൽ
1451987
Monday, September 9, 2024 8:23 AM IST
കൽപ്പറ്റ: ജില്ലയിൽ തുടർച്ചയായുണ്ടായികൊണ്ടിരിക്കുന്ന ഉരുൾ പൊട്ടൽ ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ പരിസ്ഥിതി ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ നിയമനിർമാണം ആവശ്യമാണെന്ന് ജോയിന്റ് കൗണ്‍സിൽ ജില്ലാ കമ്മിറ്റി. നിലവിലെ പുനരധിവാസവുമായി ബന്ധപ്പെട്ട് പ്രയോഗികമായ നിർദേശങ്ങളടങ്ങിയ നിവേദനം ജില്ലാ ഭരണകൂടത്തിന് സമർപ്പിച്ചു. ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനായി ജില്ലയിൽ ഡെപ്യൂട്ടി കളക്ടർ (ദുരന്ത നിവാരണം) തസ്തിക അനുവദിക്കണം.
ചൂരൽമല, മുണ്ടക്കൈ പ്രദേശത്തെ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് എഴുന്നൂറിലധികം വീടുകൾ നിർമിക്കേണ്ടതായിവരും. ആയതിന് ആവശ്യമായതും അനുയോജ്യവുമായ ഭൂമി കണ്ടെത്തുക, ഭൂമി ഏറ്റെടുക്കുക, സ്കൂളുകൾ, സർക്കാർ ഓഫീസുകൾ എന്നിവ പുനർനിർനിർമിക്കുക, കൃഷി ഭൂമി നഷ്ടപ്പെട്ടവർക്ക് വരുമാന മാർഗം കണ്ടെത്തി നൽകുക തുടങ്ങി നിരവധി ആവശ്യങ്ങൾ പൂർത്തീകരിച്ചുകൊണ്ടുള്ള പുനരിധിവാസ പദ്ധതി പൂർത്തിയാകുന്നതിന് നിലവിലെ സംവിധാനങ്ങൾമാത്രം ഉപയോഗപെടുത്തിയാൽ അഞ്ച് വർഷത്തിലധികം വേണ്ടിവരും.
പുത്തുമല പുനരധിവാസം പൂർത്തിയാകുന്നതിന് നാല് വർഷത്തോളം സമയം എടുത്തു എന്നത് ഉദാഹരണമാണ്. അതിനാൽ വിവിധ വകുപ്പുകളെ കോർത്തിണക്കി പുനരധിവാസ പ്രവർത്തനങ്ങൾ അതിവേഗത്തിലാക്കാൻ സ്പെഷൽ ഓഫീസ് സ്ഥാപിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ജില്ലയിലെ പശ്ചിമഘട്ട മലനിരകളും അതിനോട് ചേർന്നുള്ള താഴ്വാരങ്ങളുമെല്ലാം അതീവ പരിസ്ഥിതി ദുർബല പ്രദേശങ്ങളായതിനാലും തുടർച്ചയായുണ്ടാകുന്ന ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലും ഭൂമിയിലേക്ക് കെട്ടിടങ്ങൾ താഴ്ന്നുപോകുന്ന പ്രതിഭാസങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിലും മലതുരന്നുകൊണ്ടുള്ള നിർമാണ പ്രവൃത്തികൾ പരിസ്ഥിതിയിൽ ആഘാതം ഏൽപ്പിക്കാൻ സാധ്യതയുണ്ട്. അതിനാൽ വയനാട് തുരങ്കപാത പുനഃപരിശോധിക്കണം.
ജില്ലാ സെക്രട്ടറി ടി.ആർ. ബിനിൽ കുമാർ, സംസ്ഥാന കമ്മിറ്റി അംഗം കെ.എ. പ്രേംജിത്ത് എന്നിവർ ചേർന്ന് നിവേദനം ജില്ലാ കളക്ടർക്ക് കൈമാറി. ജില്ലാ പ്രസിഡന്റ് പ്രിൻസ് തോമസ്, ട്രഷറർ കെ. ഷമീർ, പി.എൻ. വിനോദ്, പി.പി. റഷീദ, കെ.ബി. പ്രജിത്ത് എന്നിവർ സന്നിഹിതരായിരുന്നു.