ഓണക്കാലമായിട്ടും ഉണരാതെ പൂ വിപണി
1451981
Monday, September 9, 2024 8:23 AM IST
സുൽത്താൻ ബത്തേരി: തിരുവോണത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കേ ഉണരാതെ പൂ വിപണി. നഗരത്തിൽ അങ്ങിങ്ങു മാത്രമാണ് പൂക്കടകൾ. ഇവിടങ്ങളിൽ പൂക്കൾ വാങ്ങാനെത്തുന്നവർ വിരളം. പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ഓണാഘോഷം പേരിനു മാത്രമാക്കിയത് പൂ വിപണിയെ ബാധിച്ചു.
ബംഗളൂരു, ഹാസൻ, ഹുൻസൂർ എന്നിവിടങ്ങളിൽനിന്നാണ് വയനാട് ഉൾപ്പെടെ മലബാർ ജില്ലകളിലെ വിപണികളിൽ പൂക്കൾ എത്തുന്നത്. പോളി ഹൗസുകളിൽ വളർത്തിയ ചെടികളിലെ പൂക്കളാണ് മാർക്കറ്റിലെത്തുന്നതിൽ കൂടുതലും. ചെണ്ടുമല്ലി, റോസ്, ജമന്തി തുടങ്ങിയ ഇനം പൂക്കളാണ് വിപണിയിൽ സുലഭം.
ചെണ്ടുമല്ലി മഞ്ഞ കിലോഗ്രാമിനു 80 ഉം ചുവപ്പിന് 50 ഉം രൂപയാണ് വില. ജമന്തി, വാടാർ മുല്ല എന്നിവയ്ക്ക് കിലോഗ്രാമിനു 400 രൂപ വരെ വിലയുണ്ട്. ഓണവിപണി ലക്ഷ്യമാക്കി മലയാളികൾ ഉൾപ്പെടെ നിരവധി പേർ ഗുണ്ടിൽപേട്ടിൽ പൂക്കൃഷി ഇറക്കിയിരുന്നു. ഇവരിൽ പലരും പൂക്കൾ പെയിന്റ് നിർമാണ കന്പനികൾക്ക് വിൽക്കുകയാണ് ചെയ്തത്.