സ്പെഷൽ സ്കൂൾ മേഖലയോടുള്ള അവഗണന: 11ന് സെക്രട്ടേറിയറ്റിന് ഉപവാസ സമരം നടത്തും
1451584
Sunday, September 8, 2024 5:33 AM IST
പുൽപ്പള്ളി: സ്പെഷൽ സ്കൂൾ മേഖലയോടുള്ള സർക്കാരിന്റെ നിരന്തരമായ അവഗണനയിൽ പ്രതിഷേധിച്ച് രക്ഷിതാക്കളും ജീവനക്കാരും മാനേജ്മെന്റും 11ന് സെക്രട്ടറിയേറ്റിന് മുന്നിൽ ഉപവാസ സമരം നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് സവിശേഷ വിദ്യാഭ്യാസവും പരിശീലനവും നൽകുന്ന സ്പെഷൽ സ്കൂൾ മേഖലയോട് സർക്കാർ അവഗണന തുടരുകയാണ്.
സ്കൂളുകൾക്ക് 2023-24 സാന്പത്തിക വർഷത്തെ പാക്കേജ് വിതരണം ചെയ്യുന്നതിനായി ഇറക്കിയ ഉത്തരവിലെ അപാകങ്ങൾ ചൂണ്ടിക്കാട്ടി പലതവണ നിവേദനങ്ങൾ നൽകിയിട്ടും തുടർനടപടികളുണ്ടായില്ല. ഇതുമൂലം പലസ്ഥാപനങ്ങളുടേയും പ്രവർത്തനം താളംതെറ്റി അടച്ചുപൂട്ടൽ ഭീഷണിയിലാണ്. 2024-25 വർഷത്തെ പാക്കേജിനുള്ള അപേക്ഷ ക്ഷണിച്ചിട്ടുമില്ല.
ബഡ്സ് സ്കൂളുകളിൽ 18 വയസിന് താഴെയുള്ള ഒരു കുട്ടിയേ ഉള്ളുവെങ്കിലും രജിസ്ട്രേഷൻ നൽകാം. എന്നാൽ സെപ്ഷൽ സ്കൂളുകളാണെങ്കിൽ 18 വയസിന് താഴെയുള്ള 20 കുട്ടികളെങ്കിലും വേണമെന്ന നിയമനം ഇരട്ടനീതിയാണ്. ഇത് മൂലം കഴിഞ്ഞ വർഷം 40 ഓളം സ്പെഷൽ സ്കൂളുകൾക്കാണ് പാക്കേജ് നിഷേധിച്ചത്.
11ന് നടക്കുന്ന സമരത്തിൽ തീരുമാനമായില്ലെങ്കിൽ തിരുവോണ ദിവസം മുതൽ സെക്രട്ടേറിയേറ്റിന് മുന്നിൽ പട്ടിണി സമരം ആരംഭിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. സ്പെഷൽ സ്കൂൾ അസോസിയേഷൻ ജില്ലാ കോഓർഡിനേറ്റർ സിസ്റ്റർ ലയ ജോണ്, പാരന്റ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിബിച്ചൻ കരിക്കേടത്ത്, സിസ്റ്റർ ആൻസീന, ടി.യു. ഷിബു തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.