ഉരുൾപൊട്ടലിൽ ജീവിതമാർഗം നഷ്ടമായ കുടുംബങ്ങളുടെ സംരക്ഷണം: കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഏറ്റെടുക്കണം: ആർ. ചന്ദ്രശേഖരൻ
1451576
Sunday, September 8, 2024 5:32 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾപൊട്ടലിൽ ജീവിതമാർഗം നഷ്ടമായ മുഴുവൻ കുടുംബങ്ങളുടെയും സംരക്ഷണം കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സംയുക്തമായി ഏറ്റെടുക്കണമെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഉരുൾപൊട്ടലിൽ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലായി അനേകം കുടുംബങ്ങളുടെ ജീവനോപാധിയാണ് നഷ്ടമായത്. ഇവരുടെ സംരക്ഷണം കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്തമാണ്.
ദുരന്തബാധിതരുടെ മുന്നിൽനിന്ന് ഭരണാധികാരികൾ സാന്ത്വന വാക്കുകൾ പറഞ്ഞതുകൊണ്ടുമാത്രം കാര്യമില്ല. അവരെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിന് നടപടികൾ ഉണ്ടാകണം.
ദുരന്തബാധിത പ്രദേശങ്ങളിൽ പ്രധാനമന്ത്രി സന്ദർശനം നടത്തി ആഴ്ചകൾ കഴിഞ്ഞിട്ടും കേന്ദ്ര സർക്കാർ ആശ്വാസ പദ്ധതികൾ പ്രഖ്യാപിക്കാത്തതു ദൗർഭാഗ്യകരമാണ്. പുഞ്ചിരിമട്ടം ഉരുൾപൊട്ടലിനെ ദേശീയ ദുരന്തത്തിനു തുല്യമായി കണക്കാക്കാൻ കേന്ദ്ര സർക്കാർ തയാറാകണം.
പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ കർമപദ്ധതികൾ നടപ്പാക്കണം. പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥലങ്ങളിൽ മാന്യമായ ജീവിതസൗകര്യങ്ങൾ ഉറപ്പുവരുത്തി പുനരധിവസിപ്പിക്കണം. പരിസ്ഥിതി ദുർബല പ്രദേശങ്ങളുടെ ശാസ്തീയ നിർണയം രാജ്യവ്യാപകമായി നടത്തണം.
തോട്ടം തൊഴിലാളി കുടുംബങ്ങൾ ഇക്കാലത്തും ലയങ്ങളിൽ കഴിയേണ്ടിവരുന്ന സാഹചര്യം ലജ്ജാകരമാണ്. ഭരണ വൈകല്യത്തിന്റെ ഇരകളാണ് തോട്ടം തൊഴിലാളികൾ. പ്ലാന്റേഷൻ മേഖലയിലെ തൊഴിലാളികൾക്കു മാത്രമായി ഭവന പദ്ധതി നടപ്പാക്കണം. ഇതിനുള്ള ചെലവ് കേന്ദ്ര, സംസ്ഥാന സർക്കാരുകളും അതത് തോട്ടം മാനേജ്മെന്റും സംയുക്തമായി വഹിക്കണം.
തോട്ടം തൊഴിലാളികളെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഗുണഭോക്താക്കളാക്കണം. ഇതിനാവശ്യമായ നിയമഭേദഗതിക്കു കേന്ദ്ര സർക്കാർ തയാറാകുന്നില്ലെങ്കിൽ തത്തുല്യമായ പദ്ധതി സംസ്ഥാന സർക്കാർ പ്രഖ്യാപിക്കണം.
മഴ കനത്തുപെയ്യുന്ന കാലത്തും വരൾച്ച ഉണ്ടാകുന്പോഴും തോട്ടം തൊഴിലാളികൾക്ക് ജോലിയില്ലാത്ത സാഹചര്യം ഒഴിവാകണമെന്നും ചന്ദ്രശേഖരൻ പറഞ്ഞു. തോട്ടം തൊഴിലാളി ഫെഡറേഷൻ പ്രസിഡന്റ് പി.ജെ. ജോയി, ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് എടാനി, വൈസ് പ്രസിഡന്റ് ബി. സുരേഷ്ബാബു, ജില്ലാ പ്രസിഡന്റ് പി.പി. ആലി എന്നിവരും പങ്കെടുത്തു.