കാടുമൂടി ദേശീയപാതയിലെ സുരക്ഷാവേലി
1450785
Thursday, September 5, 2024 5:24 AM IST
സുൽത്താൻ ബത്തേരി: ദേശീയപാത 766ൽ പാതിരിപ്പാലത്ത് അപകടം ഒഴിവാക്കുന്നതിനായി റോഡരികിൽ സ്ഥാപിച്ച അയണ്‍ റോപ്പ് ഗാർഡ് കാട്മൂടി അപകടഭീഷണിയാകുന്നു. അപകടം ഒഴിവാക്കുന്നതിനായി സ്ഥാപിച്ച സുരക്ഷ കവചമാണ് ഇപ്പോൾ അപകട ഭീഷണിയായിതീർന്നിരിക്കുന്നത്. റോഡരികിലുള്ള വേലി കാട് മൂടികിടക്കുന്നതിനാൽ റോഡരിക് ചേർന്ന് പോകുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടാനും ഇടയാകുന്നുണ്ട്.
ദേശീയ പാതയോരത്തെ ഉജാല കവലമുതൽ കൃഷ്ണഗിരി വരെയുള്ള ഭാഗത്ത് അപകടം വർധിച്ചതോടെയാണ് റോഡിനിരുവശത്തും സുരക്ഷാ കവചം ഒരുക്കിയത്. പാതിരിപ്പാലം ഇറക്കത്തും കൃഷ്ണഗിരിയിൽ നിന്ന് ബത്തേരിക്ക് വരുന്ന ഇറക്കത്തിലുമാണ് വാഹനങ്ങൾ റോഡിൽ നിന്ന് തെന്നി മാറി അപകടം ഉണ്ടായികൊണ്ടിരുന്നത്.
ഇതിനുള്ള പരിഹാരമായാണ് റോഡരികിൽ സുരക്ഷ കവചം സ്ഥാപിച്ചത്.പാതയോരത്ത് കാട് കൃത്യമായി വെട്ടിനീക്കാത്തതിനാൽ റോഡിനിരുവശവും സുരക്ഷാകവചം മറച്ചുകൊണ്ട് കാട് റോഡിലേക്ക് വളർന്നതിനാൽ സുരക്ഷാ കവചം കാണാൻ സാധിക്കുന്നില്ല. റോഡരുകിലെ കാട് വെട്ടിത്തെളിച്ച് അപകട ഭീഷണി ഒഴിവാക്കണമെന്നാണ് ദേശീയപാതയിലൂടെ പോകുന്ന വാഹന ഡ്രൈവർമാരുടെ ആവശ്യം.