"വയനാടിന്റെ പിന്നാക്കാവസ്ഥ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തണം’
1443623
Saturday, August 10, 2024 4:34 AM IST
പുൽപ്പള്ളി: വയനാടിന്റെ യാത്രാ ദുരിതവും മികച്ച ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയും ഇന്ന് വയനാട് സന്ദർശിക്കുന്ന പ്രധാനമന്ത്രിയുടെ നരേന്ദ്രമോദിയുടെ ശ്രദ്ധയിൽ പെടുത്തണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു.
ഇപ്പോഴുണ്ടായിരിക്കുന്ന പ്രകൃതി ദുരന്തത്തിൽ നിന്നുള്ള പുനരധിവാസത്തോടൊപ്പം വയനാടിന് വളരെ അത്യാവശ്യമായിരിക്കുന്നത് ചുരം ബദൽ പാതകളും എയിംസ് അടക്കമുള്ള മികച്ച ചികിത്സാ സൗകര്യങ്ങളുമാണെന്ന് പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താൻ ഈയവസരത്തിലെങ്കിലും ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തയാറാകേണ്ടതാണ്.
ഒരു എയർ സ്ട്രിപ്പ് പോലുമില്ലാത്ത പിന്നാക്ക ജില്ലയായ വയനാട്ടിൽ ഒരു മെഡിക്കൽ കോളജ് ഉണ്ടായിട്ടും മികച്ച ചികിത്സാ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ നിരവധി മനുഷ്യജീവനുകൾ ദിവസേനയെന്നോണം നഷ്ടപ്പെടുകയാണ്.
അതോടൊപ്പം കാലാവസ്ഥ പ്രതികൂലമായാൽ വയനാട് യാത്രാദുരിതംമൂലം പൊറുതിമുട്ടി ഒറ്റപ്പെട്ടുപോകുന്ന അവസ്ഥയുണ്ടെന്നും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താനായി ഉത്തരവാദിത്തപ്പെട്ടവർ പരിശ്രമിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് മാത്യു മത്തായി ആതിര, ജനറൽ സെക്രട്ടറി കെ.എസ്. അജിമോൻ, ട്രഷറർ എം.കെ. ബേബി എന്നിവർ ആവശ്യപ്പെട്ടു.