മന്ത്രിമാർ ദുരിതാശ്വാസ ക്യാന്പുകൾ സന്ദർശിച്ചു
1437529
Saturday, July 20, 2024 6:47 AM IST
കൽപ്പറ്റ: വനം-വന്യജീവി സംരക്ഷണ മന്ത്രി എ.കെ. ശശീന്ദ്രൻ, പട്ടികജാതി-വർഗ, പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു എന്നിവർ ജില്ലയിലെ ദുരിതാശ്വാസ ക്യാന്പുകൾ സന്ദർശിച്ചു. കണിയാന്പറ്റ ജിയുപി സ്കൂൾ, കൈതക്കൽ ജിഎൽപി സ്കൂൾ, പൂതാടി എസ്എൻ എച്ച്എസ് എന്നിവിടങ്ങളിലെ ക്യാന്പുകളിലാണ് മന്ത്രിമാർ എത്തിയത്. ക്യാന്പുകളിലെ സാഹചര്യങ്ങൾ മന്ത്രിമാർ വിലയിരുത്തി.
ആരോഗ്യ പ്രവർത്തകരുടെ സേവനം ഉൾപ്പെടെ കാര്യങ്ങൾ ക്യാന്പുകളിൽ കഴിയുന്നവരോട് ചോദിച്ചറിഞ്ഞു. കണിയാന്പറ്റ ക്യാന്പിൽനിന്നു ഭക്ഷണം കഴിച്ചാണ് മന്ത്രി എ.കെ. ശശീന്ദ്രൻ മടങ്ങിയത്.
കണിയാന്പറ്റ പഞ്ചാത്തിലെ ചിറ്റൂർ, ചൊവ്വണ്ടേരി, ചീങ്ങാടി, കാവുവയൽ പ്രദേശങ്ങളിൽനിന്നുള്ള 129 പേരാണ് ക്യാന്പിലുള്ളത്. എഡിഎം കെ. ദേവകി, അസിസ്റ്റന്റ് കളക്ടർ ഗൗതംരാജ്, ഹുസൂർ ശിരസ്തദാർ വി.കെ. ഷാജി എന്നിവർ മന്ത്രിമാർക്കൊപ്പം ഉണ്ടായിരുന്നു.
ദുരിതാശ്വാസ ക്യാന്പുകൾ സജ്ജം: മന്ത്രി എ.കെ. ശശീന്ദ്രൻ
കൽപ്പറ്റ: ജില്ലയിലെ ദുരിതാശ്വാസ ക്യാന്പുകൾ സജ്ജമാണെന്ന് വനം-വന്യജീവി സംരക്ഷണ മന്ത്രി എ.കെ. ശശീന്ദ്രൻ. കളക്ടറേറ്റിൽ മഴക്കാല പ്രവർത്തനങ്ങൾ അവലോകനം ചെയ്തശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാന്പുകളിൽ ഭക്ഷണം, ചികിത്സ ഉൾപ്പെടെ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
ജില്ലയിലെ മൂന്ന് താലൂക്കുകളിൽ 42 ക്യാന്പുകളിലായി 2,305 പേരാണ് താമസിക്കുന്നത്. എല്ലാ ക്യാന്പുകളിലും ആരോഗ്യപ്രവർത്തകരെ വിന്യസിപ്പിച്ചിട്ടുണ്ട്. ജില്ലയിലെ ഏഴ് പുഴകളിലെ ഒഴുക്കുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
മഴക്കാല പ്രതിരോധ പ്രവർത്തനങ്ങളിൽ ഭരണകൂടം ജാഗ്രത പുലർത്തുന്നുണ്ട്. ശക്തമായ മഴയിലും കാറ്റിലും കെഎസ്ഇബിയുടെ 560 പോസ്റ്റിനും രണ്ട് ട്രാൻസ്ഫേർമറിനും കേടുപറ്റി. വൈദ്യുതി വിതരണം തടസപ്പെടാതിരിക്കാൻ കെഎസ്ഇബി ശ്രദ്ധിക്കുന്നുണ്ട്. ജില്ലയിലെ അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ചു ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ജില്ലാ ഭരണകൂടവും ജലസേചന വകുപ്പും ജാഗ്രതയിലാണ്.
വ്യഷ്ടിപ്രദേശങ്ങളിൽ മഴ ശക്തമായതിനാൽ കബനി നദിയിൽ ഒഴുക്ക് വർധിക്കാൻ സാധ്യതയുണ്ട്. ജില്ലാ കളക്ടർ മൈസൂരു ജില്ലാ ഭരണകൂടവും ജലസേചന വകുപ്പുമായി നിരന്തരം ബന്ധപ്പെടുകയും ബീച്ചനഹള്ളി അണ തുറക്കലുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് ലഭിക്കുന്നതിന് ഇടപെടുകയും ചെയ്തിട്ടുണ്ട്. സുൽത്താൻ ബത്തേരി കല്ലൂർ പ്രദേശത്ത് പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ആളുകളെ ക്യാന്പുകളിലേക്ക് മാറ്റുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
കൽപ്പറ്റ: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ ഇന്ന് പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു കളക്ടർ എ.ഡി. മേഘശ്രീ അവധി പ്രഖ്യാപിച്ചു. ട്യൂഷൻ സെന്റർ, അങ്കണവാടി ഉൾപെടെയുള്ളവയ്ക്ക് അവധി ബാധകമാണ്. പരീക്ഷകൾക്കും മോഡൽ റസിഡൻഷ്യൽ സ്കൂളുകൾക്കും അവധി ബാധകമല്ല.