ആദിവാസി മരണം, ഭൂ-ഭവന പ്രശ്നം : നിയുക്ത മന്ത്രി നിലപാട് വ്യക്തമാക്കണമെന്ന്
1431008
Sunday, June 23, 2024 5:58 AM IST
കൽപ്പറ്റ: വയനാട്ടുകാരായ നിരവധി ആദിവാസി തൊഴിലാളികൾ കർണാടകയിലെ കുടകിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചതിലും ജില്ലയിലെ പട്ടികവർഗ ഭൂ-ഭവന പ്രശ്നത്തിലും നിയുക്ത പട്ടികജാതി-വർഗ മന്ത്രി ഒ.ആർ. കേളു നിലപാട് വ്യക്തമാക്കണമെന്ന് പോരാട്ടം സംസ്ഥാന കൗണ്‍സിൽ ആവശ്യപ്പെട്ടു.
വയനാട്ടുകാരായ നിരവധി പട്ടികവർഗ തൊഴിലാളികളാണ് രണ്ട് പതിറ്റാണ്ടിനിടെ കുടകിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. ഇഞ്ചിപ്പാടങ്ങളിലും തോട്ടങ്ങളിലും കൂലിപ്പണിക്കു പോയതാണിവർ. കഴിഞ്ഞ 10 മാസത്തിനിടെ ജില്ലയിൽനിന്നുള്ള അഞ്ച് പേർ മരിച്ചു.
വാളാരംകുന്നിലെ ശ്രീധരനും കൊയ്ത്തുപാറയിലെ സന്തോഷും ബാവലി ഷാണമംഗലത്തെ ബിനീഷും പാളക്കൊല്ലിയിലെ ശേഖരനും തൃക്കൈപ്പറ്റ മുണ്ടുപാറയിലെ ബാബുവുമാണ് മരിച്ചത്. ഒഴക്കോടി ഉൗരിലെ തുറുന്പനെ കുടകിൽ കാണാതായിട്ട് 14 വർഷം കഴിഞ്ഞു. കുടകിലെ ദുരൂഹ മരണങ്ങളിൽ കാര്യക്ഷമമായ അന്വേഷണം നടന്നിട്ടില്ല.
കുടകിലെ കൂലിപ്പണി അടിമവേലയാണെന്നതിൽ അവിടെ തൊഴിലെടുത്തിട്ടുള്ള ഒ.ആർ. കേളുവിനു എതിരഭിപ്രായം ഉണ്ടാകാനിടയില്ല. എന്നിട്ടും സമീപകാലത്ത് മരിച്ചവരിൽ ആരുടെയും വീട് സന്ദർശിക്കാൻ എംഎൽഎ എന്ന നിലയിൽ അദ്ദേഹം തയാറായില്ല. കുടകിലെ ദുരൂഹ മരണങ്ങൾ സംബന്ധിച്ച് കർണാടക സർക്കാരുമായി ചർച്ച ചെയ്യാനും സമഗ്രാന്വേഷണം നടത്തി വസ്തുതകൾ പുറത്തുകൊണ്ടുവരാനും ആശ്രിതർക്ക് നഷ്ടപരിഹാരം ലഭ്യമാക്കാനും അടിമവേല അവസാനിപ്പിക്കാനും മന്ത്രിപദത്തിൽ എത്തിയാലുടൻ ഒ.ആർ. കേളു ഇടപെടണം.
ജില്ലയിലെ പട്ടികവർഗ ജനത നേരിടുന്ന ഭൂ-ഭവന പ്രശ്നം പരിഹരിക്കാൻ അദ്ദേഹം ഉണർന്നുപ്രവർത്തിക്കണമെന്നും പോരാട്ടം സംസ്ഥാന കൗണ്‍സിൽ ആവശ്യപ്പെട്ടു.