മരക്കടവ് ഡിപ്പോയിൽ കാട്ടാനയിറങ്ങി: വ്യാപക കൃഷിനാശം
1430630
Friday, June 21, 2024 6:07 AM IST
പുൽപ്പള്ളി: മരക്കടവ് ഡിപ്പോയിൽ കാട്ടാനയിറങ്ങി വ്യാപക കൃഷിനാശംവരുത്തി. ബുധനാഴ്ച രാത്രിയോടെയാണ് കർണാടകയിലെ വനമേഖലയിൽ നിന്നിറങ്ങിയ കൊന്പനാന കബനി പുഴ കടന്ന് മരക്കടവ് പ്രദേശത്തെത്തിയത്. കിടങ്ങേത്ത് ബെന്നിയുടെ വീടിന് സമീപത്തെ കൃഷിയിടത്തിൽ കടന്ന ആന തെങ്ങ്, വാഴ, കമുക് തുടങ്ങിയ വിളകൾ നശിപ്പിച്ചു.
പ്രദേശവാസിയായ പുതുപ്പറന്പിൽ ജോസിന്റെ കൃഷിയിടത്തിലെ വാഴകളും ആന നശിപ്പിച്ചിട്ടുണ്ട്. പ്രദേശത്ത് ചുറ്റിത്തിരിഞ്ഞു നടന്ന ആന തോട്ടങ്ങളിലുണ്ടായിരുന്ന പ്ലാവുകളിലെ ചക്കകളും മറ്റും പറിച്ചുതിന്നു.
കബനി പുഴയുടെ തീരത്തിലൂടെ പെരിക്കല്ലൂർ മുതൽ കൊളവള്ളി വരെ സ്ഥാപിച്ചിട്ടുള്ള തൂക്ക് വൈദ്യുതി വേലി മറികടന്നാണ് ആന ജനവാസ മേഖലയിലേക്ക് കടന്നത്. വൈദ്യുതി വേലി പ്രവർത്തന ക്ഷമമല്ലാതെ കിടക്കുന്ന മരക്കടവ് സെന്റ് തോമസ് പള്ളിയുടെ സമീപത്ത് കൂടിയാണ് ആന നാട്ടിലേക്ക് ഇറങ്ങിയത്.
കിടങ്ങേത്ത് ബെന്നിയുടെ തോട്ടത്തിൽ നിന്നു പുഴയുടെ തീരത്തേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ വൈദ്യുതി വേലിയിൽ നിന്നു ആനയ്ക്ക് ഷോക്കേറ്റു. ഇതോടെ തെങ്ങും കമുകുമെല്ലാം മുകളിലേക്കിട്ട് വൈദ്യുതി വേലി തകർത്ത ശേഷമാണ് ആന തിരികേ പോയത്. രണ്ടാഴ്ച മുന്പ് പ്രദേശത്തിറങ്ങിയ ആന നെൽക്കൃഷി വ്യാപകമായി നശിപ്പിച്ചിരുന്നു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പെരിക്കല്ലൂർ, ഗൃഹന്നൂർ, കൊളവള്ളി പ്രദേശങ്ങളിൽ ആന ശല്യം വർധിച്ചിട്ടും വനംവകുപ്പിന്റെ ഭാഗത്തുനിന്നും കബനി പുഴയോരത്ത് സ്ഥാപിച്ച തൂക്ക് വേലി തകരാറുകൾ പരിഹരിക്കാൻ തയാറാകുന്നില്ലെന്നാണ് കർഷകരുടെ പരാതി.
പുതിയ വാച്ചർമാരെ നിയമിക്കാൻ തയാറാകാത്തതാണ് മേഖലയിലെ ആന ശല്യം രൂക്ഷമാകാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. കബനി പുഴയോരത്തെ തൂക്ക് വൈദ്യുതി വേലിയിൽ കാടുകളും മറ്റും കയറിക്കിടക്കുന്നതിനാൽ വൈദ്യുതിയെത്താത്ത സ്ഥിതിയാണ്. ഇതിന് പരിഹാരം കാണാൻ വനംവകുപ്പ് അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.