വേലിയന്പത്ത് കാട്ടാന വീടിന്റെ മതിൽ തകർത്തു
1430407
Thursday, June 20, 2024 5:51 AM IST
പുൽപ്പള്ളി: വേലിയന്പത്ത് കാട്ടാന വീടിന്റെ മതിൽ തകർത്തു. ലക്ഷ്മി നിലയം ബാലാമണിയുടെ വീടിന്റെ മതിലാണ് ഇന്നലെ പുലർച്ചെ തകർത്തത്. ഇഷ്ടികയ്ക്കു കെട്ടിയ മതിലിന്റെ ഭൂരിഭാഗവും തകർന്നു.
നാട്ടുകാർ ബഹളംവച്ചിട്ടും മണിക്കൂറുകളോളം ബാലാമണിയുടെ വീടിനു പരിസരത്ത് നിലയുറപ്പിച്ച ആന കൃഷിനാശവും വരുത്തി. കഴിഞ്ഞ ദിവസം വേലിയന്പം സ്കൂളിനു സമീപം തൊഴുത്ത് തകർത്ത് ആന മൂരിക്കിടാവിനെ ആക്രമിച്ചിരുന്നു.
ഗുരുതരമായി പരിക്കേറ്റ് കിടാവ് പിന്നീട് ചത്തു. സൗത്ത് വയനാട് വനം ഡിവിഷനിലെ നെയ്ക്കുപ്പ സെക്ഷനിലാണ് വേലിയന്പം. കൃഷിനാശമുണ്ടായ പ്രദേശങ്ങൾ വനം ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു. കൃഷിനാശത്തിനു നഷ്ടപരിഹാരം നൽകുമെന്ന് അവർ അറിയിച്ചു.
വനാതിർത്തിയിലെ പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തി ആനശല്യം തടയണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.