ചെറ്റപ്പാലം-വള്ളിയൂർക്കാവ് റോഡ് ശോച്യാവസ്ഥയിൽ
1429661
Sunday, June 16, 2024 6:16 AM IST
മാനന്തവാടി: നഗരപരിധിയിലെ ചെറ്റപ്പാലം-വള്ളിയൂർക്കാവ് ബൈപാസ് ശോച്യാവസ്ഥയിൽ. നിത്യേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാത പാടെ തകർന്നുകിടക്കുകയാണ്. രണ്ടുതവണ നാട്ടുകാർ ശ്രമദാനമായി കുഴികൾ അടച്ചിരുന്നു. പിന്നീട് നഗരസഭ പാച്ച് വർക്ക് നടത്തിയിയെങ്കിലും ദിവസങ്ങൾക്കുള്ളിൽ തകർന്നു.
കർണാടക ഭാഗത്തുനിന്നുള്ള വാഹനങ്ങൾക്ക് നഗരത്തിൽ പ്രവേശിക്കാതെ കൽപ്പറ്റ ഭാഗത്തേക്ക് പോകാൻ ഉതകുന്നതാണ് റോഡ്. തീർഥാടന കേന്ദ്രങ്ങളായ തിരുനെല്ലിയെയും വള്ളിയൂർക്കാവിനെയും എളുപ്പം ബന്ധിപ്പിക്കുന്നതുമാണ് പാത. നഗരത്തിൽ റോഡുപണി നടക്കുന്പോഴും ഗതാഗത തടസം ഉണ്ടാകുന്പോഴും വാഹനങ്ങൾ കടത്തിവിടുന്നതും ഈ റോഡിലൂടെയാണ്.
കാലവർഷം ആരംഭിച്ചതോടെ വലിയ കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നത് റോഡിൽ കാൽനട പോലും ദുഷ്കരമാക്കി. രാത്രി കുഴികളിൽ വീണ് വാഹനങ്ങൾക്ക് കേടുപാടു സംഭവിക്കുന്നതും ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നതും തുടർക്കഥയായി. റോഡ് സഞ്ചാരയോഗ്യമാക്കുന്നതിനു അടിയന്തര നടപടിയാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.