മാനന്തവാടി എസ്ആർടിഒ ഓഫീസിൽ നടത്തിയ വിജിലൻസ് പരിശോധനയിൽ അപാകതയില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ
1429454
Saturday, June 15, 2024 5:53 AM IST
കൽപ്പറ്റ: മാനന്തവാടി എസ്ആർടിഒ ഓഫീസിൽ 2021 ഫെബ്രുവരി 26ന് നടന്ന വിജിലൻസ് മിന്നൽ പരിശോധനയിൽ ഏജന്റിൽ നിന്നും 23,900 രൂപ പിടിച്ചെടുത്ത സംഭവത്തിൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഉദ്യോഗസ്ഥരുടെ ഭാഗത്ത് അപാകതയില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കമ്മീഷൻ അന്വേഷണ വിഭാഗം സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് പരിശോധന നിയമാനുസരണമായിരുന്നുവെന്ന് കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡീഷൽ അംഗവുമായ കെ. ബൈജൂനാഥ് നിരീക്ഷിച്ചത്. തന്റെ കൈയിൽ നിന്നു 23,900 രൂപയും പത്തോളം വാഹനങ്ങളുടെ രേഖകളും വിജിലൻസ് പിടിച്ചെടുത്തെന്ന ഏജന്റിന്റെ പരാതിയിലാണ് നടപടി.
മാനന്തവാടി എസ്ആർടിഒ ഓഫീസിൽ ഓണ്‍ലൈൻ വഴിയാണ് സേവനങ്ങൾ നൽകുന്നതെങ്കിലും ഏജന്റുമാർ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതായി കമ്മീഷൻ അന്വേഷണ വിഭാഗം കണ്ടെത്തി. ഇത്തരം ഏജന്റുമാരെ അപേക്ഷകരുടെ ഓഥറൈസേഷൻ ഇല്ലാതെയാണ് ഓഫീസ് പരിസരത്ത് വിജിലൻസ് പരിശോധനാവേളയിൽ കണ്ടെത്തിയത്. ഏജന്റുമാരിൽ നിന്നു വിജിലൻസ് കണ്ടെത്തിയ പണം ഫീസ് ഒടുക്കുന്നതിനായി കൊണ്ടുവന്നതല്ലെന്നും ഓണ്‍ലൈനായാണ് ഫീസൊടുക്കുന്നതെന്നും കമ്മീഷൻ കണ്ടെത്തി.
എസ്ആർടിഒ ഓഫീസിൽ നിന്നു ലഭിക്കേണ്ട സേവനങ്ങൾക്ക് ഏജന്റുമാർ അപേക്ഷകരിൽ നിന്നു സർവീസ് ചാർജ് എന്ന പേരിൽ പണം ഈടാക്കുന്നുണ്ടെന്നും കമ്മീഷൻ കണ്ടെത്തി. മാനന്തവാടി ചിറക്കര മക്കിമല സ്വദേശി വിജയകുമാർ കമ്മീഷനിൽ സമർപ്പിച്ച പരാതി അവാസ്തവമാണെന്നും റിപ്പോർട്ടിൽ പറയുന്നു. വാഹനത്തിന്റെ രേഖകൾ ശരിയാക്കുന്നതിനുള്ള തുക പരാതിക്കാരൻ വിജിലൻസ് പരിശോധനക്ക് മുന്‍പ് തന്നെ അടച്ചതാണെന്നും കമ്മീഷൻ കണ്ടെത്തി.