ചെതലയം പടിപ്പുര മേഖലയിൽ ഭീഷണിയായി കാട്ടാന
1428662
Tuesday, June 11, 2024 8:03 AM IST
സുൽത്താൻ ബത്തേരി: ചെതലയം പടിപ്പുരമേഖലയിൽ കാട്ടാനശല്യം രൂക്ഷം. വീട്ടുമുറ്റത്ത് വരെയെത്തി മണിക്കൂറുകളോളം ഭീഷണി സൃഷ്ടിച്ച ആന കൃഷിയിടത്തിലെ വിളകൾ നശിപ്പിക്കുകും പ്ലാവ് കുത്തിമറിച്ചിടുകയും ചെയ്തു. ശനിയാഴ്ച രാത്രിയിലാണ് പടിപ്പുര മാളുചെട്ടിച്ചിയാരുടെ വീട്ടുമുറ്റത്ത് കാട്ടാനയെത്തിയത്.
ഒന്നിൽ കൂടുതൽ ആനകളാണ് എത്തിയതെന്നാണ് നിഗമനം. സമീപത്തെ വനത്തിൽ നിന്നെത്തിയ കാട്ടാന മണിക്കുറുകളോളം വീട്ടുമുറ്റത്ത് നിലയുറപ്പിച്ച് ഭീഷണി സൃഷ്ടിച്ചു. മാളുചെട്ടിച്ചിയാരും മകളും മാത്രമാണ് ഇവിടെ താമസം. കാട്ടാനമുറ്റത്തെത്തിയതറിഞ്ഞെങ്കിലും ഭീതികാരണം ആരെയും വിളിക്കാൻ ഇവർക്ക് സാധിച്ചില്ല.
പിന്നീട് മുറ്റത്തിനു സമീപത്തെ പുല്ല് തിന്നതിനുശേഷം വീടിനോട് ചേർന്ന് മുറ്റത്തുകൂടെ പറന്പിലേക്ക് ഇറങ്ങി. പിന്നീട് സമീപത്തെ വലിയപ്ലാവ് കുത്തിമറിച്ചിട്ടു. കൂടാതെ ഇവരുടെ പറന്പിലെയും മകൻ രവീന്ദ്രന്റെ പറന്പിലെയും വാഴകൾ നശിപ്പിച്ചു. മൂപ്പെത്താറായ വാഴകളാണ് നശിപ്പിച്ചത്. കഴിഞ്ഞവർഷവും ഇതേസമയത്ത് ഇവിടെ കാട്ടാനയിറങ്ങി നാശം വിതച്ചിരുന്നു.
കാട്ടാനശല്യത്തിനുപുറമേ നശിപ്പിച്ച വിളകൾക്ക് നഷ്ടപരിഹാരം ലഭിക്കാത്തതും കർഷകർക്ക് ഇരുട്ടയടിയാകുകയാണ്. ഇതുകാരണം ഒരു സാധനവും വിളചെയ്ത് ജീവിക്കാൻ സാധിക്കുന്നില്ലെന്നും സ്ഥലങ്ങൾ തരിശിടുകയാണെന്നും കർഷകർ പറയുന്നു. വനാതിർത്തിയിൽ പ്രതിരോധ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി കാട്ടാനശല്യത്തിന് പരിഹാരം കാണണമെന്നാണ് ആവശ്യം.