പനമരം ബ്ലോക്ക് പഞ്ചായത്ത് അഞ്ച് പഞ്ചായത്തുകളിൽ വാട്ടർ എടിഎം സ്ഥാപിക്കുന്നു
1425359
Monday, May 27, 2024 7:34 AM IST
പനമരം: ബ്ലോക്ക് പഞ്ചായത്ത് ധനകാര്യ കമ്മീഷൻ ഗ്രാന്റ് ഉപയോഗിച്ച് 25 ലക്ഷം രൂപ ചെലവിൽ അഞ്ച് പഞ്ചായത്തുകളിൽ വാട്ടർ എടിഎം സ്ഥാപിക്കുന്നു.
കണിയാന്പറ്റ പഞ്ചായത്തിൽ കന്പളക്കാട് ബസ് സ്റ്റോപ്പ്, പനമരം പഞ്ചായത്തിൽ പനമരം ബസ്സ്റ്റാൻഡ്, പൂതാടിയിൽ പഞ്ചായത്ത് ഓഫീസ് പരിസരം, പുൽപ്പള്ളി പഞ്ചായത്തിൽ ടൗണ്‍ ബസ്സ്റ്റാൻഡ്, മുള്ളൻകൊല്ലി പഞ്ചായത്തിൽ പാടിച്ചിറ ടൗണ്‍ എന്നിവിടങ്ങളിലാണ് വാട്ടർ എടിഎം സ്ഥാപിക്കുന്നത്.
അഞ്ചിടങ്ങളിലും പ്രവൃത്തി 90 ശതമാനം പൂർത്തിയായി. ജില്ലയിൽ ആദ്യമായി വാട്ടർ എംടിഎം സ്ഥാപിക്കുന്നത് ബ്ലോക്ക് പഞ്ചായത്താണ്. ഒരു ലിറ്റർ മിനറൽ വാട്ടറിനു കടകളിൽ 20 രൂപയാണ് വില. ഇതേ അളവിലും ഗുണനിലവാരത്തിലുമുള്ള വെള്ളം ഒരു രൂപയ്ക്ക് എടിഎമ്മിലൂടെ ലഭിക്കും. നാണയം, ഫോണ്‍ പേ, ഗൂഗിൾ പേ തുടങ്ങിയവ ഉപയോഗപ്പെടുത്തി പൊതുജനങ്ങൾക്ക് വെള്ളം വാങ്ങാം. ഓരോ തവണ വെള്ളം എടുക്കുന്പോഴും തദ്ദേശ ഭരണ സ്ഥാപനത്തിന്റെ പേരും ജല സംരക്ഷണത്തെക്കുറിച്ചുള്ള സന്ദേശവും കേൾക്കാൻ സാധിക്കും. എടിഎം സ്ഥാപിക്കുന്നതിനു പഞ്ചായത്തുകളാണ് സ്ഥലം ലഭ്യമാക്കിയത്.