രണ്ടേകാൽകിലോ കഞ്ചാവുമായി രണ്ട് മലപ്പുറം സ്വദേശികൾ പിടിയിൽ
1424833
Saturday, May 25, 2024 6:23 AM IST
പുൽപ്പള്ളി: കർണാടകയിൽ നിന്നു കടത്തിക്കൊണ്ടുവന്ന കഞ്ചാവ് പുൽപ്പള്ളി പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
സ്കൂട്ടറിൽ ഒളിപ്പിച്ചുകടത്തിയ രണ്ടേകാൽകിലോ കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് അരീക്കോട് വെറ്റിലപ്പാറ കാവുംപുറത്ത് ഷൈൻ ഏബ്രഹാം (31), വെറ്റിലപ്പാറ എടക്കാട്ടുപറന്പ് പുളിക്കപ്പറന്പിൽ അജീഷ് ജോണ് (47) എന്നിവരെയാണ് പുൽപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച രാത്രി പെരിക്കല്ലൂർ ഗവ. സ്കൂളിന് സമീപം പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് യുവാക്കൾ പെരിക്കല്ലൂർ കടവ് ഭാഗത്തുനിന്നു സ്കൂട്ടറിലെത്തിയത്. പോലീസിനെ കണ്ട് ഷൈൻ സ്കൂട്ടർ നിർത്തിയതോടെ പിന്നിലിരുന്ന അജീഷ് ഓടി രക്ഷപ്പെട്ടു. രക്ഷപ്പെട്ട അജീഷിനെ അർധരാത്രിയോടെതന്നെ പെരിക്കല്ലൂരിന് സമീപത്തുനിന്നു പിടികൂടി.
എസ്ഐ എച്ച്. ഷാജഹാന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ അജീഷ്, സിവിൽ പോലീസ് ഓഫീസർമാരായ തോമസ്, മുഹമ്മദ് അൽത്താഫ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.