നിവേദനത്തിന് ഉടൻ പരിഹാരം: അഭിനന്ദനവുമായി ജില്ലാ കളക്ടർ
1424616
Friday, May 24, 2024 5:39 AM IST
കൽപ്പറ്റ: ദ്രുതഗതിയിലുള്ള ഇടപെടലിലൂടെ ശ്രവണ സഹായിയുമായി ബന്ധപ്പെട്ട പരാതി പരിഹരിച്ച ഉദ്യോഗസ്ഥർക്ക് അഭിനന്ദനവുമായി ജില്ലാ ഭരണകൂടം. എസ്എസ്കെ വഴി സഹായമായി ലഭിച്ച ശ്രവണ സഹായി പാകമാകാതെ വന്നതോടെ അത് മാറ്റിത്തരണമെന്ന അപേക്ഷയുമായി ഒന്പതാംക്ലാസുകാരിയുടെ വീട്ടുകാർ ജില്ലാ കളക്ടറെ സമീപിക്കുകയായിരുന്നു.
കളക്ടരുടെ നിർദേശ പ്രകാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉടൻ തന്നെ പോരായ്മ പരിഹരിച്ച് ശ്രവണ സഹായി കുട്ടിക്ക് ലഭ്യമാക്കി. ശ്രവണ സഹായി ലഭ്യമായതിനാൽ ക്ലാസുകൾ നഷ്ടമാകാതെ പഠനം പൂർത്തിയാക്കാനായതായും പ്രശ്നം പെട്ടന്ന് പരിഹിച്ചതിൽ നന്ദിയുണ്ടെന്നും വിദ്യാർത്ഥി കത്തിലൂടെ ജില്ലാ കളക്ടറെ അറിയിക്കുകയുണ്ടായി.
എസ്എസ്കെ ജില്ലാ പ്രോജക്ട് കോഓർഡിനേറ്റർമാരായ വി. അനിൽകുമാർ, ജില്ലാ പ്രോഗ്രാം ഓഫീസർ എൻ.ജെ. ജോണ്സണ്, ബിആർസി ബത്തേരി സ്പെഷൽ എജ്യുകേറ്റർ വി.വി. ചന്ദ്രിക, കോഴിക്കോട് മെഡിക്കൽ കോളജ് ഓഡിയോളജി അസി. പ്രഫസർ സമീർ പുത്തേരി, കൈനാട്ടി ഗവ.ആശുപത്രി ഓഡിയോളജിസ്റ്റ് കിരണ്‍ തോമസ് എന്നിവർക്കാണ് ചേന്പറിൽ വച്ച് ജില്ലാ കളക്ടർ ഡോ. രേണു രാജ് പ്രശംസാപത്രം നൽകിയത്.