മുള്ളൻകൊല്ലിയിൽ കുടിവെള്ള ക്ഷാമം: കാരപ്പുഴയിൽനിന്നു കബനി നദിയിലേക്ക് വെള്ളം തുറന്നുവിട്ടു
1417166
Thursday, April 18, 2024 6:14 AM IST
കൽപ്പറ്റ: കനത്ത വേനലിൽ മുള്ളൻകൊല്ലി, പുൽപ്പള്ളി പഞ്ചായത്തുകളിൽ അനുഭവപ്പടുന്ന ജലക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി കാരാപ്പുഴ അണക്കെട്ടിൽനിന്നു കബനി നദിയിൽ മരക്കടവ് ഭാഗത്ത് നിർമിച്ച തടയണയിലേക്ക് വെള്ളം തുറന്നുവിട്ടു. ഇന്നലെ രാവിലെ എട്ടിനാണ് അണയുടെ കനാലിലേക്കുള്ള വാൽവ് തുറന്ന് പരീക്ഷണാടിസ്ഥാനത്തിൽ വെള്ളം ഒഴുക്കാൻ ആരംഭിച്ചത്. സെക്കൻഡിൽ അഞ്ച് ഘന മീറ്റർ വെള്ളമാണ് ഒഴുക്കുന്നത്. ഈ സ്ഥിതി നാലു ദിവസം 24 മണിക്കൂറും തുടരും.
കാരാപ്പുഴ അണയിൽനിന്നു ഏകദേശം 69 കിലോമീറ്റർ ഒഴുകിയാണ് വെള്ളം മരക്കടവിൽ എത്തേണ്ടത്. പനമരം പുഴയിലൂടെയുടെയും പനമരം, മാനന്തവാടി പുഴകൾ സംഗമിക്കുന്ന കൂടൽക്കടവിലൂടെയും പ്രവഹിച്ച വെള്ളം മരക്കടവിലെത്താൻ രണ്ടു ദിവസമെടുക്കുമെന്നാണ് കാരാപ്പുഴ എക്സിക്യുട്ടീവ് എൻജിനിയർ വി. സന്ദീപ് പറഞ്ഞു. ഒഴുകേണ്ട പ്രദേശങ്ങളിലെ വിണ്ടുകീറിയ സ്ഥലങ്ങളും കുഴികളും തടയണകളും സ്വകാര്യ പന്പിംഗിനുള്ള സാധ്യതകളും ജലനഷ്ടത്തിനു കാരണമാകുമെന്ന് അധികൃതർ പറഞ്ഞു. ജലദുരുപയോഗം ശ്രദ്ധയിൽപ്പെട്ടാൽ നിയമനടപടി സ്വീകരിക്കുമെന്നു അവർ അറിയിച്ചു.
ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി നിർദേശിച്ചതനുസരിച്ചാണ് അണയിൽ നിന്നു കബനിയിലേക്ക് വെള്ളം ഒഴുക്കുന്നത്. കബനി വറ്റിയത് പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ വിതരണം ചെയ്യുന്നതിനുള്ള കുടിവെള്ളം പന്പിംഗിനെ ബാധിച്ചു. ഈ സാഹചര്യത്തിലാണ് അണയിൽനിന്നു നദിയിലേക്ക് വെള്ളം തുറന്നുവിടാൻ തീരുമാനമായത്.
കാരാപ്പുഴ അണയിലെ വെള്ളം കുടിവെള്ള വിതരണത്തിനു ലഭ്യമാക്കുന്നതിനു മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയൻ ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയർപേഴ്സണുമായ ജില്ലാ കളക്ടർക്ക് നിവേദനം നൽകിയിരുന്നു.