ആശാകിരണം വസ്ത്ര ബാങ്കിലേക്ക് വസ്ത്രങ്ങൾ സമാഹരിച്ചു
1415764
Thursday, April 11, 2024 6:00 AM IST
മാനന്തവാടി: വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി കാരിത്താസ് ഇന്ത്യയുമായി സഹകരിച്ചു നടപ്പിലാക്കിവരുന്ന ആശാകിരണം വസ്ത്ര ബാങ്ക് പദ്ധതിയുടെ ഭാഗമായി ചുങ്കക്കുന്ന് സോഷ്യൽ വെൽഫെയർ സൊസൈറ്റിയിൽനിന്നും വസ്ത്രങ്ങൾ സമാഹരിച്ചു.
ചുങ്കക്കുന്ന് പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ ഇടവക വികാരി ഫാ. പോൾ കൂട്ടലായിൽ നിന്ന് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ വസ്ത്രങ്ങൾ ഏറ്റുവാങ്ങി. സോഷ്യൽ വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് ജോസ് മഞ്ജുവള്ളി അധ്യക്ഷത വഹിച്ചു.
അലമാരിയിൽ ആർക്കും വേണ്ടാതെ അടുക്കിവച്ചിരിക്കുന്ന വസ്ത്രങ്ങൾ ആവശ്യക്കാരിൽ എത്തിക്കുന്ന പദ്ധതിയാണ് വസ്ത്ര ബാങ്ക് പദ്ധതി. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ പ്രാദേശിക യൂണിറ്റുകളായ സോഷ്യൽ വെൽഫെയർ സൊസൈറ്റികൾ പ്രാദേശികമായി സമാഹരിക്കുന്ന ഉപയോഗിച്ച വസ്ത്രങ്ങൾ മാനന്തവാടി വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ കാന്പസിൽ പ്രത്യകം തയാറാക്കിയിരിക്കുന്ന അലമാരകളിൽ പൊതുവായി വച്ചിരിക്കുകയാണ്. ആവശ്യമുള്ളവർക്ക് യഥേഷ്ടം വസ്ത്രങ്ങൾ ഇവിടെ നിന്നും എടുത്തുകൊണ്ടുപോകാവുന്നതാണ്.
അലമാരിയിൽ വസ്ത്രങ്ങൾ കുറയുന്നതിനനുസരിച്ച് വീണ്ടും വസ്ത്രങ്ങൾ വെച്ചുകൊണ്ടിരിക്കും. സാന്പത്തിക പാരാധീനത മൂലം വസ്ത്രം വാങ്ങുവാൻ പ്രയാസമനുഭവിക്കുന്നവർക്ക് ഏറെ ആശ്വാസകരമാണ് ഈ വസ്ത്ര ബാങ്ക്. ചുങ്കക്കുന്നിൽ നടന്ന പരിപാടിക്ക് ആനിമേറ്റർ സിസ്റ്റർ ജെസി പോൾ, സെക്രട്ടറി ജോബി വട്ടുകുളത്തിൽ, റീജണൽ കോ ഓർഡിനേറ്റർ ബിൻസി വർഗീസ് എന്നിവർ നേതൃത്വം നൽകി.