കബനിയിലും കൈവഴികളിലും ഒഴുക്ക് പേരിനു മാത്രം; കുടിവെള്ളം മുട്ടുമെന്ന് ആശങ്ക
1415343
Tuesday, April 9, 2024 7:22 AM IST
കൽപ്പറ്റ: വൃഷ്ടിപ്രദേശങ്ങളിൽ മതിയായ അളവിൽ വേനൽ മഴ ലഭിക്കാതെ കബനി നദിയും കൈവഴികളും ദുർബലമായി. നദിയിലും കൈവഴികളിലും നാമമാത്രമാണ് ഒഴുക്ക്.
അടിത്തട്ട് കാണാവുന്ന സ്ഥിതിയാണ് പല ഭാഗങ്ങളിലും. കബനിയിൽ ജലപ്രവാഹം പേരിനുമാത്രമായത് വയനാടിനു പുറമേ കർണാടകയിലെ എച്ച്ഡി കോട്ട ഉൾപ്പെടെ പ്രദേശങ്ങളിലുള്ളവരെയും ആശങ്കയിലാക്കി. കുടിവെള്ളം മുട്ടുമെന്ന ശങ്കയിലാണ് ജനം. കബനിയോട് ചേർന്നുകിടക്കുന്ന മുള്ളൻകൊല്ലി, പുൽപ്പള്ളി പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിൽ ജലക്ഷാമം ഇപ്പോൾത്തന്നെ രൂക്ഷമാണ്. കൊടുംചൂടിൽ കൃഷികളും വ്യാപകമായി നശിക്കുന്നുണ്ട്. മഴ ഏതാനും ദിവസങ്ങൾകൂടി വിട്ടുനിന്നാൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് കർഷകരടക്കം പറയുന്നു. കബനി കുടിവെള്ള പദ്ധതിയുടെ സ്രോതസാണ് കബനി.
പ്രതിദിനം 40 ലക്ഷം ലിറ്റർ ജലമാണ് നദിയിൽനിന്ന് പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ വിതരണത്തിന് എടുക്കുന്നത്. നദി വറ്റിവരളുന്ന സാഹചര്യമുണ്ടായാൽ രണ്ടു പഞ്ചായത്തുകളിലും കബനി പദ്ധതി മുഖേനയുള്ള കുടിവെള്ള വിതരണം പ്രതിസന്ധിയിലാകും. കർണാടകയിൽ മൈസൂരു ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കാർഷിക, ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നത് കബനി ജലമാണ്. കബനിക്കു കുറുകെയാണ് ബീച്ചനഹള്ളി അണ. ഇതിൽനിന്നു വർധിച്ച അളവിൽ വെള്ളം ഉപയോഗപ്പെടുത്തുന്നതും കബനിയിൽ ജലനിരപ്പ് കുറഞ്ഞതിനു കാരണമാണ്.
ബാവലി, മാനന്തവാടി, പനമരം, കന്നാരം, മണിക്കാട് പുഴകളും കടമാൻതോടുമാണ് കബനിയുടെ പ്രധാന കൈവഴികൾ. കാവേരി നദിയുടെ മുഖ്യകൈവഴികളിൽ ഒന്നാണ് കബനി. പശ്ചിമഘട്ട മലനിരകളിലാണ് കബനിയുടെ ഉദ്ഭവം. കിഴക്കോട്ടൊഴുകുന്ന കബനി കർണാടകയിലെ തിരുമക്കടലു നരസിപ്പുരയിലാണ് കാവേരിയിൽ ചേരുന്നത്. 234 കിലോമീറ്റാണ് കബനിയുടെ നീളം. 7040 ചതുരശ്ര കിലോ മീറ്ററാണ് നദീതടപ്രദേശം.
കബനിയുടെ ആകെ വൃഷ്ടിപ്രദേശത്തിൽ 19,176 ഹെക്ടർ ബാവലി പുഴയുടെയും 38,680 ഹെക്ടർ മാനന്തവാടി പുഴയുടെയും 84,977 ഹെക്ടർ പനമരം പുഴയുടെയും തടങ്ങളിലാണ്. 20,737 ഹെക്ടറാണ് മറ്റു പുഴകളുടെ തടങ്ങളിൽ. നദീതടത്തിൽ 26.38 ശതമാനം(43,150 ഹെക്ടർ)ഗുരുതര പാരിസ്ഥിതിക പ്രതിസന്ധി നേരിടുന്നതാണെന്നു വയനാട്ടിൽ മണ്ണ്-ജല സംരക്ഷണ ഓഫീസറായിരുന്ന പി.യു. ദാസ് നേരത്തേ നടത്തിയ പഠനത്തിൽ വ്യക്തമായിരുന്നു.
കബനി, നൂൽപ്പഴ, വാരഞ്ചിപ്പുഴ(നുഗു), മസാലെ തോട്, ബാലെ മസ്തുഗുഡി, വളപട്ടണം പുഴ, കോരപ്പുഴ, മാഹപ്പുഴ, കുറ്റ്യാടിപ്പുഴ, അഞ്ചരക്കണ്ടിപ്പുഴ, ചാലിയാർ എന്നിവയുടേതായി 2,13,030 ഹെക്ടർ വൃഷ്ടിപ്രദേശമാണ് വയനാട്ടിൽ. ഇതിൽ 1,63,570 ഹെക്ടറും കബനിയുടെ വൃഷ്ടിപ്രദേശമാണ്. 60,350 ഹെക്ടർ വനവും 33,320 ഹെക്ടർ പ്ലാന്റേഷനും 24,919 ഹെക്ടർ വയലും 44,981 ഹെക്ടർ കരഭൂമിയും ഉൾപ്പെടുന്നതാണിത്.