കാട്ടാന ആക്രമണത്തിൻ മരിച്ച പോളിന്റെ വീട് മന്ത്രി ഗണേഷ്കുമാർ സന്ദർശിച്ചു
1397034
Sunday, March 3, 2024 5:25 AM IST
പുൽപ്പള്ളി: കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പാക്കം വെള്ളച്ചാലിൽ പോളിന്റെ വീട് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാർ സന്ദർശിച്ചു. പോളിന്റെ കുടുംബാഗങ്ങളെ അദ്ദേഹംആശ്വസിപ്പിച്ചു.
പോളിന്റെ ഭാര്യക്ക് വാഗ്ദാനം ചെയ്ത ജോലി വനം ഇതര വകുപ്പിൽ ലഭ്യമാക്കുന്നതിനും ടൗണിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കുന്നതിനും ഇടപെടണമെന്ന് കുടുംബാംഗങ്ങൾ മന്ത്രിയോട് ആവശ്യപ്പെട്ടു. ഇന്നലെ ഉച്ചയോടെയാണ് പോളിന്റെ വീട്ടിൽ മന്ത്രി എത്തിയത്.
കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് കിടപ്പിലായ വിദ്യാർഥി പാക്കം കാരേരിക്കുന്ന് കാട്ടുനായ്ക്ക കോളനിയിലെ ശരത്തിനെയും മന്ത്രി സന്ദർശിച്ചു. സിപിഎം നേതാക്കളായ എം.എസ്. സുരേഷ് ബാബു, എ.വി. ജയൻ, പി.വി. മുഹമ്മദ് എന്നിവരും ഫാ. കുര്യക്കോസ് വെള്ളച്ചാലിലും കൂടെ ഉണ്ടായിരുന്നു.
ജില്ലയിലെ വന്യമൃഗശല്യത്തെ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി പറഞ്ഞു. പ്രശ്നപരിഹാരത്തിന് ശക്തമായ നടപടികൾ ഉണ്ടാകും. ആവാസ വ്യവസ്ഥ മെച്ചപ്പെടുത്തുകയാണ് വന്യമൃഗങ്ങളുടെ കാടിറക്കം തടയുന്നതിനുള്ള നടപടികളിൽ പ്രധാനം.
മൃഗങ്ങൾക്കാവശ്യമായ വെള്ളവും തീറ്റയും കാട്ടിൽ ലഭിക്കണം. ഇതിനു പദ്ധതി പ്രാവർത്തികമാക്കും. മുഖ്യമന്ത്രി വൈകാതെ വയനാട് സന്ദർശിക്കുമെന്നും ഗണേഷ്കുമാർ പറഞ്ഞു.