വനാതിർത്തി ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് മെഡിക്കൽ ക്യാന്പുകൾ സംഘടിപ്പിക്കും
1396863
Saturday, March 2, 2024 5:33 AM IST
പുൽപ്പള്ളി: മൃഗസംരക്ഷണ വകുപ്പിന്റെയും പുൽപ്പള്ളി പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ വനാതിർത്തി ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് കുരങ്ങുപനി, ചെള്ള് പനി, തൈലേറിയ തുടങ്ങിയ രക്തപരാദ രോഗപ്രതിരോധത്തിനും കറവമാടുകളുടെ വേനൽക്കാല സംരക്ഷണ പ്രവർത്തനങ്ങൾക്കുമായി ക്യാന്പുകൾ സംഘടിപ്പിക്കുന്നു.
വന്യമൃഗശല്യം കൊണ്ടും രൂക്ഷമായ വരൾച്ചമൂലവും ദുരിതമനുഭവിക്കുന്ന ക്ഷീരകർഷകർക്ക് പുൽപ്പള്ളി പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിലെ മൃഗസംരക്ഷണ മേഖലയ്ക്ക് വകയിരുത്തിയ വിവിധ ഫണ്ടുകൾ സംയോജിപ്പിച്ചു കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.
പുൽപ്പള്ളി മൃഗാശുപത്രിയുടെ നേതൃത്വത്തിൽ പാളക്കൊല്ലി, പൊളന്ന, ചേകാടി, ചെറിയമല, പാക്കം, ഫോറസ്റ്റ് വയൽ, കുറിച്ചിപ്പറ്റ, വെളുകൊല്ലി, ചാത്തമംഗലം, കണ്ടാമല തുടങ്ങിയ പ്രദേശങ്ങളിലെ കന്നുകാലികളിൽ ബാഹ്യ പരാദ ബാധ നിയന്ത്രിക്കാനുള്ള ലേപനങ്ങളും വേനൽചൂട് പ്രതിരോധിക്കാനുള്ള മരുന്നുകളും ടോണിക്കുകളുമാണ് പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ വിതരണം ചെയ്യുക.
കറവപ്പശുക്കൾക്ക് മുതുകിലൂടെ ഒഴിച്ചു കൊടുക്കാനുള്ള ലേപനങ്ങളും തേച്ചു കുളിപ്പിക്കുന്നതിനുള്ള സോപ്പും തൊഴുത്തും പരിസരപ്രദേശങ്ങളും അണുവിമുക്തമാക്കുന്ന ഈച്ചകളെ പ്രതിരോധിക്കാനുള്ള മരുന്നുകളും സൗജന്യ കിറ്റിൽ ഉണ്ടാവും.
പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭന സുകു അധ്യക്ഷത വഹിച്ചു. പുൽപ്പള്ളി വെറ്ററിനറി ആശുപത്രി സീനിയർ വെറ്ററിനറി സർജൻ ഡോ.കെ.എസ്. പ്രേമൻ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ എം.ആർ. ബിന്ദു, ഡോ.ബി. സാഹിദ, റോഷ്ന, സുനിത,
ബിനോയി ജയിംസ്, ജ്യോതി രാജു, ബാബു, ബേബി, ജോസഫ്, സന്തോഷ് കുമാർ, പി.ജെ. മാത്യു, ജയ സുരേഷ്, മനോജ് കുമാർ, സിജി സാബു തുടങ്ങിയവർ ക്യാന്പുകൾക്ക് നേതൃത്വം നൽകി. പഞ്ചായത്ത് തലത്തിൽ ക്യാന്പ് പ്രവർത്തനങ്ങൾ അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ എ.കെ. രമേശൻ ഏകോപിപ്പിക്കും.