യൂണിഫോം പദ്ധതി ജില്ലയിൽ പുരോഗമിക്കുന്നു
1396861
Saturday, March 2, 2024 5:33 AM IST
കൽപ്പറ്റ: അഞ്ച് മുതൽ ഏഴ് വയസിനും 15 മുതൽ 17 വയസിനുമിടയിൽ പ്രായമുള്ള മുഴുവൻ കുട്ടികൾക്കും ആധാറിൽ നിർബന്ധിത ബയോമെട്രിക് അപ്ഡേഷൻ നടത്തുന്ന യൂണിഫോം പദ്ധതി ജില്ലയിൽ പുരോഗമിക്കുന്നു. അക്ഷയ കേന്ദ്രങ്ങളുടെ സഹായത്തോടെ സ്കൂളുകളിൽ നടത്തുന്ന പദ്ധതി 25 ഓടെ പൂർത്തിയാക്കാൻ ചേന്പറിൽ ചേർന്ന അവലോകന യോഗത്തിൽ ജില്ലാ കളക്ടർ ഡോ. രേണുരാജ് നിർദേശിച്ചു.
അഞ്ച് മുതൽ ഏഴ് വയസുവരെയുള്ളവർക്ക് 15 നുള്ളിൽ അപ്ഡേഷൻ നടത്തണം. ആവശ്യപ്പെടുന്ന സർക്കാർ ഇതര സ്കൂളുകളിലും ബയോമെട്രിക് അപ്ഡേഷന് സൗകര്യമൊരുക്കും. ബയോമെട്രിക് അപ്ഡേഷനായി അക്ഷയ കേന്ദ്രങ്ങളിലെത്തുന്ന വിദ്യാർഥികൾക്ക് പ്രത്യേക സൗകര്യമൊരുക്കണമെന്നും കളക്ടർ പറഞ്ഞു.
അക്ഷയ കേന്ദ്രങ്ങളിൽ പോകുന്നത് വഴി വിദ്യാർഥികൾക്ക് പഠനം നഷ്ടപ്പെടുന്ന സാഹചര്യം പരിഹരിക്കാനാണ് സ്കൂളുകൾ കേന്ദ്രീകരിച്ച് ക്യാന്പുകൾ സംഘടിപ്പിക്കുന്നത്. ക്യാന്പ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി രക്ഷിതാക്കൾക്ക് അവരവരുടെ കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിലെ അധ്യാപകരുമായോ 04936206265, 04936206267 എന്ന നന്പറിൽ അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസുമായോ ബന്ധപ്പെടാം.
ജില്ലാ കളക്ടർ ഡോ. രേണുരാജ് അധ്യക്ഷയായിരുന്ന യോഗത്തിൽ പ്രോജക്ട് ഓഫീസർ എൻ.ജെ. റെജി, വിദ്യാഭ്യാസ വകുപ്പ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ബി.സി. ബിജേഷ്, എസ്എൽപിഎസ് കുപ്പാടിത്തറ എച്ച്എം പി.ജെ. മേജോഷ്, മാനന്തവാടി ജിയുപിഎസ് എച്ച്എം കെ.ജി. ജോണ്സണ്,
അന്പുക്കുത്തി ജിഎൽപിഎസ് എച്ച്എം വി.എം. ഗ്രേസി, ഐടി മിഷൻ പ്രോജക്ട് മാനേജർ എസ്. നിവേദ്, അക്ഷയ കോ ഓർഡിനേറ്റർ ജിൻസി ജോസഫ്, എപിസി ശ്രീലത, അക്ഷയ പ്രോജക്ട് അസിസ്റ്റന്റ് ജിതേഷ് എന്നിവർ പങ്കെടുത്തു.