"വന്യജീവി ശല്യത്തിനു ശാശ്വത പരിഹാരം കാണണം’
1394967
Friday, February 23, 2024 7:50 AM IST
കൽപ്പറ്റ: ജില്ലയിലെ വന്യജീവി ശല്യത്തിനു ശാശ്വത പരിഹാരം കാണണമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന ഉന്നതതല യോഗത്തിൽ എംഎൽഎമാർ ആവശ്യപ്പെട്ടു. വനപാലകർക്ക് അത്യാധുനിക ഉപകരണങ്ങൾ ലഭ്യമാക്കണം. വന നിയമത്തിൽ ഇളവ് അനുവദിക്കണം. ജില്ലയിൽ ഉന്നത ഉദ്യോഗസ്ഥരെ നിയമിക്കണം. വന്യജീവി സങ്കേതത്തിനുള്ളിലെ മുഴുവൻ കുടുംബങ്ങളെയും പുനരധിവസിപ്പിക്കണം. അടിക്കാട് വെട്ടൽ, ട്രഞ്ച് നിർമാണം എന്നിവ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്താൻ സംസ്ഥാനത്തിന് അനുവാദം നൽകണമെന്നും എംഎൽഎമാർ ആവശ്യപ്പെട്ടു.
കേന്ദ്ര വനം ഡയറക്ടർ ജനറൽ ജിതേന്ദ്രകുമാർ, അഡീഷണൽ ഡയറക്ടർ ജനറൽ എസ്.പി. യാദവ്, എംഎൽഎമാരായ ഒ.ആർ. കേളു, ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ജില്ലാ കളക്ടർ ഡോ. രേണുരാജ്, അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ പി. പുകഴേന്തി,
എഡിഎം കെ. ദേവകി, സബ്കളക്ടർ മിസൽ സാഗർ ഭരത്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ജയപ്രസാദ്, ഫോറസ്റ്റ് സ്പെഷൽ ഓഫീസർ വിജയാനന്ദൻ, ഫോറസ്റ്റ് കണ്‍സർവേറ്റർ നോർത്തേണ്‍ സർക്കിൾ കെ.എസ്. ദീപ, ജില്ലാ പോലീസ് മേധാവി ടി. നാരായണൻ, സൗത്ത് വയനാട് ഡിഎഫ്ഒ ഷജ്ന കരീം, രാഹുൽഗാന്ധി എംപിയുടെ പ്രതിനിധി കെ.എൽ. പൗലോസ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജനപ്രതിനിധികൾ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വന്യജീവി ആക്രമവുമായി ബന്ധപ്പെട്ട് ജില്ലയിൽ പ്രവർത്തനം ഏകോപിപ്പിച്ച ജില്ലാ ഭരണകൂടം,വനം ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരെ കേന്ദ്രമന്ത്രി അഭിനന്ദിച്ചു.