എന്റെ വാർഡ് നൂറിൽ നൂറ്: പദ്ധതി നേട്ടവുമായി കോട്ടത്തറ പഞ്ചായത്ത്
1394910
Friday, February 23, 2024 5:59 AM IST
കൽപ്പറ്റ: ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന എന്റെ വാർഡ് നൂറിൽ നൂറ് കാന്പയിനിൽ മികച്ച നേട്ടം കൈവരിച്ച് കോട്ടത്തറ പഞ്ചായത്ത്. കാന്പയിനിന്റെ ഭാഗമായി പഞ്ചായത്തിലെ ആറ് വാർഡുകളിൽ വാതിൽപ്പടി ശേഖരണം, യൂസർ ഫീ എന്നിവ 100 ശതമാനം പൂർത്തീകരിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെ വീടുകൾ, സ്ഥാപനങ്ങളിൽനിന്ന് മാലിന്യ ശേഖരിച്ച് നൂറ് ശതമാനം യൂസർ ഫീ ഉറപ്പാക്കുകയാണ് എന്റെ വാർഡ് നൂറിൽ നൂറ് പദ്ധതിയിലൂടെ. പഞ്ചായത്തിലെ തെരെഞ്ഞെടുത്ത വാർഡുകളിൽ പൊതുജനങ്ങളുടെ സഹകരണത്തോടെ വാർഡ് ഹരിത കർമസേന അംഗങ്ങളുടെ നേതൃത്വത്തിൽ പ്രത്യേക കാന്പയിൻ സംഘടിപ്പിച്ച് നൂറ് ശതമാനം കാന്പയിൻ പൂർത്തീകരിക്കും.
ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ കാന്പയിൻ പൂർത്തീകരിച്ച കോട്ടത്തറ പഞ്ചായത്ത് ഹരിതകർമ സേന അംഗങ്ങളെ ആദരിച്ചു. പരിപാടി പഞ്ചായത്ത് പ്രസിഡന്റ് പി.പി. റനീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.എ. നസീമ അധ്യക്ഷത വഹിച്ചു. നവ കേരളം ജില്ലാ കോ ഓർഡിനേറ്റർ ഇ. സുരേഷ് ബാബു, വാർഡ് അംഗങ്ങൾ, ഹരിതകർമസേന അംഗങ്ങൾ, നവകേരളം കർമ പദ്ധതി, ആർപി ടെക്നിക്കൽ അസിസ്റ്റന്റ്, ഡാറ്റാ എൻട്രി ഓപറേറ്റർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.