വയനാട് കോക്കനട്ട് ഫാർമേഴ്സ് പ്രൊഡ്യൂസർ കന്പനി: കർഷകൻ വിജിലൻസിനു പരാതി നൽകി
1339725
Sunday, October 1, 2023 8:03 AM IST
കൽപ്പറ്റ: വയനാട് കോക്കനട്ട് ഫാർമേഴ്സ് പ്രൊഡ്യൂസർ കന്പനി അധികൃതർക്കെതിരേ കർഷകൻ വിജിലൻസിനു പരാതി നൽകി. മുള്ളൻകൊല്ലി പാടിച്ചിറ വടക്കേക്കര ജയിംസ് മാത്യുവാണ് വിജിലൻസ് ഡിവൈഎസ്പിക്ക് പരാതി നൽകിയത്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നാളികേര സംഭരണവിപണന സംഘങ്ങൾ ആരംഭിച്ചതിനു മറവിൽ കന്പനി മേധാവികൾ സാന്പത്തിക ക്രമക്കേട് നടത്തിയതായും ഇക്കാര്യം അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. കന്പനിക്കുകീഴിൽ മുള്ളൻകൊല്ലി പഞ്ചായത്തിലെ ഇരുപ്പൂട് രൂപീകരിച്ച സംഘത്തിന്റെ സ്ഥാപക പ്രസിഡന്റാണ് പരാതിക്കാരൻ.
ഓഹരി ഒന്നിന് ആയിരം രൂപ വാങ്ങിയാണ് കന്പനി അധികൃതർ സംഘങ്ങളിൽ കർഷകരെ അംഗങ്ങളാക്കിയത്. ഒന്നിലധികം ഓഹരി എടുത്തവർ കർഷകർക്കിടയിലുണ്ട്. പുൽപ്പളളി, മുളളൻകൊല്ലി പഞ്ചായത്തുകളിൽ മാത്രം 3,000ൽപരം ആളുകൾ സംഘങ്ങളിൽ അംഗത്വമെടുത്തിട്ടുണ്ട്. സംഘം അംഗങ്ങളിൽനിന്നു ഓഹരി ഇനത്തിൽ വാങ്ങിയ തുക ഉപയോഗിച്ച് കന്പനി പുൽപ്പള്ളിക്കടുത്ത് വസ്തു വാങ്ങിയിരുന്നു.
ഈ വസ്തു ഓഹരി ഉടമകൾ അറിയാതെ കന്പനി മേധാവികൾ വിറ്റതായാണ് വിവരം. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിവിധ സംരംഭങ്ങളിൽനിന്നു സബ്സിഡി ഇനത്തിൽ കന്പനിക്കു ലഭിച്ച തുകയുടെ ദുർവിനിയോഗം നടന്നിട്ടുണ്ട്. ദീർഘകാലമായി ഓഹരി ഉടമകളുടെ യോഗം വിളിക്കുയോ കണക്ക് അവതരിപ്പിക്കുയോ ചെയ്തിട്ടില്ലെന്നും പരാതിയിൽ പറയുന്നു.