തേയില കർഷകരുടെ നിരാഹാര സമരം ഇന്ന്
1338339
Tuesday, September 26, 2023 12:22 AM IST
ഗൂഡല്ലൂർ: പച്ചത്തേയിലക്ക് കിലോയ്ക്ക് 33.75 രൂപ കുറഞ്ഞ വില നൽകണമെന്നാവശ്യപ്പെട്ട് ചെറുകിട തേയില കർഷക കൂട്ടായ്മയുടെ (ഫെസ്റ്റ) നേതൃത്വത്തിൽ നടക്കുന്ന തേയില കർഷകരുടെ നിരാഹാര സമരം ഇന്ന് രാവിലെ 10 മുതൽ വൈകുന്നേരം അഞ്ച് വരെ ഗൂഡല്ലൂർ ഗാന്ധിമൈതാനിയിൽ നടക്കും. തേയിലക്ക് മതിയായ വില ലഭിക്കാത്തതിനാൽ കർഷകർ കടുത്ത പ്രതിസന്ധിയിലാണ്. തേയിലത്തോട്ടങ്ങളിൽ ജോലി ചെയ്ത് ഉപജീവനം നടത്തുന്ന ആയിരക്കണക്കിന് തോട്ടം തൊഴിലാളികളും പ്രയാസം അനുഭവിക്കുകയാണ്.
ചെന്നൈ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഒരു കിലോ പച്ചത്തേയിലയ്ക്ക് 33.75 രൂപ നൽകുക, വില വർധിപ്പിക്കുന്നത് വരെ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ചേർന്ന് കിലോയ്ക്ക് അഞ്ച് രൂപ വീതം സബ്സിഡി നൽകുക, പട്ടയം ഇല്ലാത്ത കർഷകർക്കും സർക്കാർ നൽകുന്ന എല്ലാ ആനുകൂല്യങ്ങളും നൽകുക, തേയില ബോർഡും തമിഴ്നാട് കൃഷിവകുപ്പും കർഷകർക്ക് നൽകി വന്ന സഹായങ്ങൾക്ക് എതിരേ വനംവകുപ്പ് സ്വമേധയാ എടുത്ത നടപടികൾ പിൻവലിക്കുകയും ചെയ്യുക, കർഷകർ ഉപയോഗിക്കുന്ന വളങ്ങൾക്കും കീടനാശിനികൾക്കും സബ്സിഡി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.