ബത്തേരി അർബൻ ബാങ്ക് അച്ചടക്ക നടപടി നേതാക്കളിലേക്ക് നീളാത്തത് ഇരട്ടത്താപ്പെന്ന് പ്രവർത്തകർ
1336466
Monday, September 18, 2023 1:45 AM IST
കൽപ്പറ്റ: സുൽത്താൻ ബത്തേരി അർബൻ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ പടലപ്പിണക്കം ജില്ലയിൽ കൊടുമുടി കയറുന്നു. പാർട്ടിയിലെ ഐ ഗ്രൂപ്പിലുള്ള രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ വിഭാഗങ്ങൾ തമ്മിലുള്ള പോരാണ് മൂർച്ഛിക്കുന്നത്.
എ ഗ്രൂപ്പുമായും കൊന്പ് കോർത്തിരിക്കയാണ് വേണുഗോപാൽ ചേരി. അർബൻ ബാങ്ക് ചെയർമാൻ, വൈസ് ചെയർമാൻ തെരഞ്ഞെടുപ്പു കഴിഞ്ഞശേഷം നാലു പേരെയാണ് പാർട്ടി നേതൃത്വം പ്രാഥമികാംഗത്വത്തിൽനിന്നു സസ്പെൻഡ് ചെയ്തത്.
ഭരണസമിതി തെരഞ്ഞെടുപ്പിൽ സിപിഎം നേതൃത്വം നൽകുന്ന അർബൻ ബാങ്ക് സംരക്ഷണ മുന്നണി സ്ഥാനാർഥികളായി മത്സരിച്ചതിന് മുന്നു കോണ്‍ഗ്രസ് പ്രവർത്തകരെ നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു.
ബാങ്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം ഇതുവരെ ഏഴ് പേർക്കെതിരേയാണ് കോണ്‍ഗ്രസ് അച്ചടക്കവാൾ വീശിയത്. സംരക്ഷണ മുന്നണി സ്ഥാനാർഥികളായതിന് യൂത്ത് കോണ്‍ഗ്രസ് ബത്തേരി ബ്ലോക്ക് മുൻ സെക്രട്ടറി അനുമോദ്കുമാർ, ബാങ്ക് മുൻ ഡയറക്ടർമാരായ എൻ.വി. ശ്രീധരൻ, കെ.വി. ജോയി എന്നിവരെയാണ് ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ആറു വർഷത്തേക്ക് പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്തത്.
ബാങ്ക് ചെയർമാൻ, വൈസ് ചെയർമാൻ പദവികളിലേക്കു തെരഞ്ഞെടുപ്പു കഴിഞ്ഞ ശേഷം കോണ്‍ഗ്രസ് ബത്തേരി ബ്ലോക്ക് പ്രസിഡന്റ് കെ.ആർ. സാജൻ, ബാങ്ക് വൈസ് ചെയർമാൻ വി.ജെ. തോമസ്, ഡയറക്ടർമാരായ ബേബി വർഗീസ്, റഷീദ് അന്പലവയൽ എന്നിവർക്കെതിരേയാണ് അച്ചടക്ക നടപടി ഉണ്ടായത്.
കെപിസിസി നിർദേശത്തിനു വിരുദ്ധമായി വൈസ് ചെയർമാൻ പദവിയിലേക്കു മത്സരിച്ചതിനാണ് കോണ്‍ഗ്രസിലെ എ വിഭാഗത്തിലുള്ള തോമസിനെ സസ്പെൻഡ് ചെയ്തത്. വൈസ് ചെയർമാൻ സ്ഥാനാർഥിയായി തോമസിന്റെ പേര് നിർദേശിച്ചതിനും പിന്‍താങ്ങിയതിനുമാണ് യഥാക്രമം ബേബി വർഗീസിനും റഷീദിനുമെതിരേ നടപടി.
പാർട്ടി സസ്പെൻഡ് ചെയ്തതിൽ തോമസ് ഒഴികെയുള്ളവർ ഐ ഗ്രൂപ്പിലെ ചെന്നിത്തല വിഭാഗത്തിൽപ്പെട്ടവരാണ്. ബാങ്ക് തെരഞ്ഞെടുപ്പിലെ "കളി’കളുടെ പേരിലുള്ള അച്ചടക്ക നടപടി ചെന്നിത്തല വിഭാഗം നേതാക്കളിലേക്കു നീളാത്തത് ജില്ലയിൽ കോണ്‍ഗ്രസ് പ്രവർത്തകരിൽ ചർച്ചയായിട്ടുണ്ട്.
ഡിസിസി മുൻ പ്രസിഡന്റുമായ ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, യുഡിഎഫ് ജില്ലാ കണ്‍വീനറുമായ കെ.കെ. വിശ്വനാഥൻ, കെപിസിസി എക്സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളായ കെ.എൽ. പൗലോസ്, കെ.ഇ. വിനയൻ, ഡിസിസി ജനറൽ സെക്രട്ടറി എൻ.സി. കൃഷ്ണകുമാർ എന്നിവരാണ് ബാങ്ക് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയത്തിലും പിന്നീട് ചെയർമാൻ, വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിലും വേണുഗോപാൽ വിഭാഗത്തിനെതിരേ കരുക്കൾ നീക്കിയത്. ഇതിൽ എ ഗ്രൂപ്പിലുള്ള വിനയൻ ഒഴികെയുള്ളവർ ചെന്നിത്തല വിഭാഗക്കാരാണ്.
വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിൽ കെപിസിസി നേതൃത്വത്തിന്റെയും ഡിസിസി അധ്യക്ഷൻ എൻ.ഡി. അപ്പച്ചന്റെയും നിർദേശത്തിനു വിരുദ്ധമായി തോമസിനെ മത്സരിപ്പിക്കുന്നതിനു പദ്ധതിയിട്ടതും നടപ്പാക്കിയതും ചെന്നിത്തല വിഭാഗത്തിലെയും എ ഗ്രൂപ്പിലെയും ജില്ലാ നേതാക്കളാണ്.
ഇവർ പറഞ്ഞതനുസരിച്ചാണ് തോമസ് മത്സരിച്ചതും ബേബി വർഗീസും റഷീദ് അന്പലവയലും ഇതിനു സഹായകമായി പ്രവർത്തിച്ചതും. ബാങ്ക് തെരഞ്ഞെടുപ്പിൽ ആദ്യന്തം ബത്തേരി ബ്ലോക്ക് പ്രസിഡന്റ് നിലപാടുകൾ സ്വീകരിച്ചതും ചെന്നിത്തല വിഭാഗം നേതാക്കൾ നിർദേശച്ചതു പ്രകാരമാണ്.
എന്നിരിക്കെ ഗ്രൂപ്പ് നേതാക്കളെ അച്ചടക്ക നടപടിയിൽനിന്നു ഒഴിവാക്കിയതിനെ ഇരട്ടത്താപ്പായി വ്യാഖാനിക്കുന്നവർ പാർട്ടി പ്രവർത്തകർക്കിടയിൽ നിരവധിയാണ്. ഡിസിസി പ്രസിഡന്റിനെ ടെലിഫോണിൽ പുലഭ്യം വിളിച്ച ഐ.സി. ബാലകൃഷ്ണൻ എംഎൽഎയ്ക്കെതിരേ നടപടിക്ക് കെപിസിസി തയാറാകാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവും ഇവർ ഉയർത്തുന്നുണ്ട്.
ചെന്നിത്തല വിഭാഗത്തിലെ ഡി.പി. രാജശേഖരനാണ് അർബൻ ബാങ്ക് ചെയർമാൻ. ബാങ്ക് ഭരണസമിതിയംഗങ്ങൾ ഐക്യകണ്ഠമായാണ് ഇദ്ദേഹത്തെ ചെയർമാൻ പദവിയിലിരുത്തിയത്. സേവാദൾ സംസ്ഥാന സെക്രട്ടറിയുമായ ശ്രീജി ജോസഫിനെ വൈസ് ചെയർമാനാക്കാനായിരുന്നു വേണുഗോപാൽ വിഭാഗത്തിന്റെ പദ്ധതി.
ഇതാണ് ചെന്നിത്തല വിഭാഗവും എ ഗ്രൂപ്പും ചേർന്ന് അട്ടിമറിച്ചത്. വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിൽ ശ്രീജിക്ക് നാലും തോമസിന് ഒന്‍പതും വോട്ടാണ് ലഭിച്ചത്.