പട്ടയമേള 12ന് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും
1301453
Friday, June 9, 2023 11:44 PM IST
കൽപ്പറ്റ: സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തോടനുബന്ധിച്ച് ജില്ലയിൽ നടത്തുന്ന രണ്ടാംഘട്ട പട്ടയമേളയുടെ ഉദ്ഘാടനം 12ന് രാവിലെ 10ന് സേക്രട്ട് ഹാർട്ട് ചർച്ച് ജൂബിലി ഹാളിൽ റവന്യൂ-ഭവന മന്ത്രി കെ. രാജൻ നിർവഹിക്കും. ടി. സിദ്ദിഖ് എംഎൽഎ അധ്യക്ഷത വഹിക്കും. സബ് കളക്ടറുടെ പുതിയ ക്യാന്പ് ഓഫീസ്, കളക്ടറേറ്റിലെ ഐപി ബേസ്ഡ് ഇന്റർകോം, ലാൻ നെറ്റ്വർക്ക് നവീകരണം, കളക്ടറേറ്റ് മിനി കോണ്‍ഫറൻസ് ഹാളിലെ പുതിയ ഹൈബ്രിഡ് വീഡിയോ കോണ്‍ഫറൻസിംഗ് സിസ്റ്റം എന്നിവയുടെ ഉദ്ഘാടന പ്രഖ്യാപനവും മന്ത്രി നടത്തും.
വില്ലേജ് ഓഫീസുകൾക്കു അനുവദിച്ച കംപ്യൂട്ടർ, പ്രിന്റർ, സ്കാനർ എന്നിവയുടെ വിതരണോദ്ഘാടനം ടി. സിദ്ദീഖ് എംഎൽഎ നിർവഹിക്കും. എംഎൽഎമാരായ ഒ.ആർ. കേളു, ഐ.സി. ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ജില്ലാ കളക്ടർ ഡോ.രേണുരാജ്, സബ്കളക്ടർ ആർ. ശ്രീലക്ഷ്മി തുടങ്ങിയവർ പങ്കെടുക്കും. 695 പട്ടയങ്ങളും 108 വനാവകാശ രേഖകളുമാണ് രണ്ടാംഘട്ട മേളയിൽ വിതരണം ചെയ്യുന്നത്. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ജില്ലയിൽ 3,181 പട്ടയങ്ങൾ വിതരണം ചെയ്തിട്ടുണ്ട്.