കടമാൻതോട് പദ്ധതി പിൻവലിക്കണമെന്ന് സേവ് പുൽപ്പള്ളി കൂട്ടായ്മ
1301168
Thursday, June 8, 2023 11:33 PM IST
പുൽപ്പള്ളി: കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി പുൽപ്പള്ളി ജനതയുടെ പ്രതിഷേധ സമരങ്ങളുടെ ഫലമായി ഉപേക്ഷിക്കപ്പെട്ട കടമാൻതോട് പദ്ധതി നടപ്പാക്കാനുള്ള തീരുമാനത്തിൽ നിന്ന് പിൻമാറണമെന്ന് സേവ് പുൽപ്പള്ളി കൂട്ടായ്മ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പ്രദേശവാസികളുടെ എതിർപ്പിനെ മാനിക്കാതെ ഡാം നിർമിക്കാനുള്ള തീരുമാനം പുൽപ്പള്ളി മേഖലയിലെ ജനതയോടെ സർക്കാർ ചെയ്യുന്ന അവഗണനയാണെന്നും കഴിഞ്ഞ കുറെ വർഷങ്ങളായി നിരന്തരമായി വികസന മേഖലയിൽ ജില്ല അവഗണന നേരിട്ട് കൊണ്ടിരിക്കുകയാണ്.
ജനങ്ങൾക്ക് ഉപകാരപ്രദമായ പല പദ്ധതികളും നടപ്പാക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിച്ച് കൊണ്ട് ഭരണകൂടം വൻകിട ഡാം നിർമാണ പദ്ധതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ഈ പദ്ധതി നടപ്പായാൽ പുൽപ്പള്ളി ടൗണ് അടക്കമുള്ള പ്രദേശങ്ങൾ ഭൂപടത്തിൽ കേവലം ഒരു ഡാം മേഖല എന്ന പേരിൽ രേഖപ്പെടുത്തപ്പെടും. പൂർവികരുടെ കഠിനമായ പ്രവർത്തനത്തിന്റെയും അധ്വാനത്തിന്റെയും ഫലമായി ഉയർന്നുവന്ന ഈ ടൗണിനെ ഇല്ലായ്മ ചെയ്യുന്നതിന് വേണ്ടി ചില തൽപര കക്ഷികൾ നീക്കം നടത്തുന്നുണ്ട്.
ജില്ലയിലെ പ്രധാനപ്പെട്ട ടൗണുകളിലൊന്നാണ് പുൽപ്പള്ളി. ഈ പ്രദേശത്തെ ആരാധനാലയങ്ങൾ, വിദ്യഭ്യാസ സ്ഥാപനങ്ങൾ, ഇതര ഗവണ്മെന്റ് ഓഫീസുകൾ, കച്ചവട സ്ഥാപനങ്ങൾ പതിറ്റാണ്ടുകളായി ഈ പ്രദേശത്ത് താമസിക്കുന്ന പ്രദേശവാസികൾ അധ്വാനിച്ച് ഉണ്ടാക്കിയതെല്ലാം ഉപേക്ഷിച്ച് ഇവിടെ നിന്ന് പാലായനം ചെയ്യേണ്ട അവസ്ഥ സംജാതമാകും.
ഈ പദ്ധതി നടപ്പാകുന്നതിലൂടെ ഉണ്ടാകാൻ സാധ്യതയുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ ഭാവിയിൽ പ്രദേശവാസികളുടെ ജീവിതം ദുസഹമാക്കുമെന്നും ഭാരവാഹികളായ ബേബി തയ്യിൽ, കെ.എൽ. ടോമി, സിജേഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു
പദ്ധതി ഉപേക്ഷിക്കണം: പ്രകൃതി സംരക്ഷണ സമിതി
കൽപ്പറ്റ: പുൽപ്പള്ളി അങ്ങാടിയടക്കം ജനവാസപ്രദേശങ്ങളെയും ഫലസമൃദ്ധമായ കൃഷിഭൂമികളെയും മുക്കിക്കളയുകയും നൂറുകണക്കിന് കുടുംബങ്ങളെ വഴിയാധാരമാക്കുകയും ചെയ്യുന്ന കടമാൻതോട് ജലസേചന പദ്ധതി ഉപേക്ഷിക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു. 1970കളിൽ നിർമാണം അരംഭിച്ച കാരാപ്പുഴ, ബാണാസുരസാഗർ പദ്ധതികൾ അര നൂറ്റാണ്ടു കഴിഞ്ഞിട്ടും കർഷകർക്ക് പ്രയോജനപ്പെടുന്നില്ല. എന്നിരിക്കെ കടമാൻതോട് പദ്ധതി നടപ്പാക്കാനുള്ള നീക്കം കർഷകരോടുള്ള വെല്ലുവിളിയാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
കാരാപ്പുഴ, ബാണാസുരസാഗർ പദ്ധതികൾക്കായി ഈ വർഷവും 30 കോടി രൂപ സർക്കാർ വകയിരുത്തിയിട്ടുണ്ട്. ഏഴു കോടി രൂപ അടങ്കലിൽ പണി തുടങ്ങിയ കാരാപ്പുഴ പദ്ധതിക്ക് ഇതിനകം 500 കോടിയിൽപരം രൂപ ചെലവഴിച്ചു. ഉദ്യോഗസ്ഥ-കരാർ-രാഷ്ട്രീയ കൂട്ടുകെട്ടാണ് നാടിന്റെ സന്പത്ത് കർഷരുടെ പേരിൽ കൊള്ളയടിക്കുന്നത്. ഇവരുടെ ആസൂത്രിത നീക്കങ്ങളുടെ ഭാഗമാണ് കമാൻതോട് പദ്ധതി എന്ന ആശയം. ബാണാസുരസാഗർ, കാരപ്പുഴ പദ്ധതി പ്രദേശങ്ങളിൽനിന്നു കുടിയൊഴിഞ്ഞ നൂറുകണക്കിനു കർഷകരും ആദിവാസികളും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ദരിദ്രജീവിതം നയിക്കുകയാണ്. സന്പന്നരായിരുന്ന കർഷകർ ദുരിതത്തിലാണ്.
പുൽപ്പള്ളിയിലെ വരൾച്ചയെക്കുറിച്ച് കടമാൻതോട് പദ്ധതി വാദികൾ കണ്ണീരൊഴുക്കുന്നത് തട്ടിപ്പാണ്. വരൾച്ചയും ജലക്ഷാമവും പരിഹരിക്കാൻ അവർ ഒന്നും ചെയ്തിട്ടില്ല. നിലവിൽ മൂന്നു കൂറ്റൻ ജലപദ്ധതികൾ വയനാട്ടിലും അയൽ സംസ്ഥാനത്തുമായുണ്ട്. ഇവ വയനാടിന്റെ പരിസ്ഥിതി സന്തുലനത്തെ എങ്ങനെ ബാധിക്കുമെന്നത് പ്രവചനാതീതമാണ്. മരുവത്കരണത്തിലേക്ക് നീങ്ങുന്ന പുൽപ്പളളി, മുള്ളൻകൊല്ലി പ്രദേശങ്ങൾക്ക് ആശ്വാസമാകാൻ 40 വർഷം കഴിഞ്ഞാലും കടമാൻതോട് പദ്ധതി ഉതകില്ലെന്നു വ്യക്തമാക്കുന്നതാണ് ജനങ്ങളുടെ അനുഭവം. എന്നാൽ കാരാപ്പുഴയിൽനിന്നു കൂറ്റൻ പൈപ്പുകൾ വഴി പുൽപ്പള്ളി, മുള്ളൻകൊല്ലി പ്രദേശങ്ങളിൽ വെള്ളമെത്തിക്കാൻ രണ്ടു വർഷം മതിയാകും.
ബാണാസുരസാഗർ അണയിൽനിന്നും പൈപ്പിലൂടെ മറ്റു പ്രദേശങ്ങളിൽ വെള്ളം എത്തിക്കാനാകും. കടമാൻതോട് പദ്ധതിക്കെതിരായ പ്രതിഷേധത്തെ പിന്തുണയ്ക്കാൻ സമിതി തീരുമാനിച്ചു. പ്രസിഡന്റ് എൻ. ബാദുഷ അധ്യക്ഷത വഹിച്ചു. തോമസ് അന്പലവയൽ, ബാബു മൈലന്പാടി, സണ്ണി മരക്കടവ്, എം. ഗംഗാധരൻ, പി.എം. സുരേഷ്, സി.എ. ഗോപാലകൃഷ്ണൻ, എ.വി. മനോജ് എന്നിവർ പ്രസംഗിച്ചു.