ആസ്പിരേഷണൽ ജില്ല; സാന്പത്തിക നൈപുണ്യ വികസനത്തിൽ ജില്ലയ്ക്ക് ദേശീയതലത്തിൽ രണ്ടാം സ്ഥാനം
1300936
Thursday, June 8, 2023 12:14 AM IST
കൽപ്പറ്റ: പിന്നാക്ക ജില്ലകളെ ഉയർത്തിക്കൊണ്ടുവരുന്നതിനുള്ള കേന്ദ്ര സർക്കാറിന്റെ ആസ്പിരേഷണൽ ജില്ലാ പദ്ധതിയിൽ സാന്പത്തികനൈപുണ്യ വികസന മേഖലയിൽ ജില്ലയ്ക്ക് മികച്ച നേട്ടം. ദേശീയാടിസ്ഥാനത്തിൽ ഏപ്രിൽ മാസത്തെ ഡെൽറ്റാ റാങ്കിംഗിൽ ജില്ല രണ്ടാം സ്ഥാനം കരസ്ഥമാക്കിയതായി ജില്ലാ കളക്ടർ ഡോ. രേണു രാജ്, ജില്ലാ പ്ലാനിംഗ് ഓഫീസർ ആർ. മണിലാൽ എന്നിവർ അറിയിച്ചു. രാജ്യത്തെ 112 ജില്ലകളിൽ കേരളത്തിലെ ഏക ആസ്പിരേഷണൽ ജില്ലയാണ് വയനാട്.
ജില്ലാ ഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പിന്തുണയോടെ നബാർഡും ലീഡ് ബാങ്കും ജില്ലയിലെ മറ്റു ബാങ്കുകളുമായി സഹകരിച്ച് നടപ്പാക്കി വരുന്ന ’സുരക്ഷാ 2023’ പദ്ധതിയിലൂടെ പുതുതായി ബാങ്ക് അക്കൗണ്ടുകൾ ഉൾപ്പെടെ തുടങ്ങാനായതും പ്രധാന മന്ത്രിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതികളിൽ പുതിയ അംഗങ്ങളെ ചേർക്കാനായതുമാണ് സാന്പത്തിക വിഭാഗത്തിലെ നേട്ടത്തിന് മുഖ്യകാരണം. നൈപുണ്യ വികസന മേഖലയിൽ സ്കിൽ സെക്രട്ടേറിയറ്റിന്റെയും ജില്ലാ സ്കിൽ കമ്മിറ്റിയുടേയും ഇടപെടൽ മികച്ച റാങ്ക് ലഭിക്കുന്നതിന് കാരണമായി. നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ജില്ലാ കളക്ടർ അഭിനന്ദിച്ചു.
പദ്ധതിയുടെ ഭാഗമായി ജില്ലയുടെ മികച്ച പ്രവർത്തനങ്ങൾക്ക് നിലവിൽ 18 കോടി രൂപ ചലഞ്ച് ഫണ്ട് അനുവദിച്ചിരുന്നു. ആസ്പിരേഷണൽ ജില്ലാ പദ്ധതിയുടെ കീഴിൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ സിഎസ്ആർ ഫണ്ടിൽ നിന്നും 4.5 കോടി രൂപയുടെ പ്രവൃത്തികൾ ജില്ലയിൽ പൂർത്തിയായി.