കാരാപ്പുഴയിൽ സ്ഥിരം സായാഹ്ന വേദി; വൈദ്യുതീകരണത്തിനു അംഗീകാരം
1300195
Monday, June 5, 2023 12:02 AM IST
കൽപ്പറ്റ: കാരാപ്പുഴ വിനോദസഞ്ചാര കേന്ദ്രത്തിൽ സ്ഥിരം സായാഹ്ന വേദി സജ്ജീകരിക്കുന്നതിനുള്ള വൈദ്യതീകരണ പ്രവൃത്തികളുടെ എസ്റ്റിമേറ്റ് ടിഎംസി യോഗം അംഗീകരിച്ചു. ഡാം ഗാർഡൻ വൈകീട്ട് ആറു മുതൽ രാത്രി എട്ടു വരെ തുറന്നും ആംഫി തിയറ്റർ ഉൾപ്പെടെ മറ്റു സംവിധാനങ്ങൾ ഒരുക്കിയുമായിരിക്കും സായാഹ്ന വേദി പ്രവർത്തനം.
ഉദ്യാനത്തിനു അകത്തെ അഞ്ച് മുറികൾ സുവനീർ ഷോപ്പ്, വെർച്വൽ റിയാലിറ്റി തുടങ്ങിയ ആവശ്യങ്ങൾക്കായി ലേലം ചെയ്യും. കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി വേഗം പൂർത്തിയാക്കും. പാർക്കിംഗ് സംവിധാനം വിപുലപ്പെടുത്തും. ഓണത്തിന് മുന്പ് മിൽമ ഒൗട്ട്ലെറ്റ് തുടങ്ങും.
സോളാർ ബോട്ടിംഗിനു താത്പര്യപത്രം ക്ഷണിക്കും. കൂടുതൽ ഇടങ്ങളിൽ കുടിവെള്ള സൗകര്യം ഒരുക്കും. കുട്ടികളുടെ പാർക്ക് ടിഎംസി നേരിട്ട് നവീകരിക്കും. വിനോദസഞ്ചാരകേന്ദ്രത്തിനായി സമഗ്ര മാസ്റ്റർ പ്ലാൻ തയാറാക്കും.
മാലിന്യപ്രശ്നം പരിഹരിക്കുന്നതിനു ശുചിത്വ മിഷൻ, പഞ്ചായത്ത് അധികൃതർ എന്നിവരുമായി ചേർന്ന് പദ്ധതി ആവിഷ്കരിക്കാനും യോഗത്തിൽ തീരുമാനമായി. ടി. സിദ്ദീഖ് എംഎൽഎ അധ്യക്ഷത വഹിച്ചു.
ടിഎംസി സർക്കാർ നോമിനി കെ.ജെ. ദേവസ്യ, എഡിഎം എൻ.ഐ. ഷാജു, മുട്ടിൽ പഞ്ചായത്ത് പ്രസിഡന്റ് നസീമ മങ്ങാടൻ, പഞ്ചായത്ത് അംഗങ്ങളായ സജീവൻ, മേരി സിറിയക്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പ്രഭാത്, ഡിടിപിസി സെക്രട്ടറി കെ. അജേഷ്, അഗ്രികൾച്ചർ ഓഫീസർ മുഹമ്മദുകുട്ടി, ജലസേചന-പിഡബ്ല്യുഡി ഇലക്ട്രിക്കൽ വിംഗ്-ഫിഷറീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.