ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്: വനിതാ പ്രാതിനിധ്യമില്ലാതെ വയനാട്
1299980
Sunday, June 4, 2023 7:38 AM IST
കൽപ്പറ്റ: പുനഃസംഘടനാ നടപടികളുടെ ഭാഗമായി കെപിസിസി നേതൃത്വം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചപ്പോൾ വനിതാ പ്രാതിനിധ്യം ഇല്ലാതെ വയനാട്.
ജില്ലയിലെ ആറ് ബ്ലോക്ക് കമ്മിറ്റികളിലും പുരുഷൻമാരാണ് അധ്യക്ഷ പദവിയിൽ. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളിൽ ഒന്നിന്റെയെങ്കിലും പ്രസിഡന്റ് പദവിയിൽ വനിത ഉണ്ടാകുമെന്ന കണക്കുകൂട്ടലിലായിരുന്നു ജില്ലയിലെ മഹിളാ കോണ്‍ഗ്രസ് നേതൃത്വം.
ജില്ലയിലെ പാർട്ടി ബ്ലോക്കുകളിൽ കൽപ്പറ്റയിൽ ബി. സുരേഷ്ബാബുവും വൈത്തിരിയിൽ പോൾസൻ കൂവയ്ക്കലും പനമരത്ത് ജിൻസൻ തൂപ്പുംകരയും മാനന്തവാടിയിൽ എ.എം. നിശാന്തും മീനങ്ങാടിയിൽ വർഗീസ് മുരിയൻകാവിലും ബത്തേരിയിൽ കെ.ആർ. സാജനുമാണ് പ്രസിഡന്റായത്. ബ്ലോക്ക് അധ്യക്ഷ പദവിയിൽ പുതുമുഖങ്ങളാണ് ഇവർ. എ.എം. നിശാന്തും പോൾസൻ കൂവയ്ക്കലും നിലവിൽ ഡിസിസി ജനറൽ സെക്രട്ടറിമാരാണ്.
കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പിൽനിന്നുള്ളവരാണ് ജിൻസണ് തൂപ്പുംകര, വർഗീസ് മുരിയൻകാവിൽ എന്നിവർ. എ വിഭാഗത്തിൽപ്പെട്ടവരാണ് ബി. സുരേഷ്ബാബുവും കെ.ആർ. സാജനും പോൾസൻ കൂവയ്ക്കലും. കെപിസിസി അധ്യക്ഷന്റെ അടുത്തയാളായി അറിയപ്പെടുന്ന കോണ്‍ഗ്രസ് നേതാവാണ് എ.എം. നിശാന്ത്.