ജല സുരക്ഷ പ്രവർത്തനം: നെൻമേനിക്ക് സംസ്ഥാന പുരസ്കാരം
1281416
Monday, March 27, 2023 12:22 AM IST
സുൽത്താൻ ബത്തേരി: സർക്കാർ അക്രഡിറ്റഡ് ഏജൻസിയായ സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷന്റെ ജല സുരക്ഷ പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന അവാർഡ് നെൻമേനി ഗ്രാമപഞ്ചായത്തിന് ലഭിച്ചു. തൃശൂരിൽ നടന്ന സമ്മേളനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദുവിൽ നിന്ന് ഭരണ സമിതി നേതൃത്വം അവാർഡ് ഏറ്റുവാങ്ങി. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച എല്ലാവർക്കും കുടിവെള്ളമെന്ന യജ്ഞം ഏറ്റെടുത്ത് നടത്തുന്ന പ്രവർത്തനങ്ങൾക്കാണ് നെൻമേനി പഞ്ചായത്ത് അവാർഡിന് അർഹമായത്.
പഞ്ചായത്തിലെ 5,750 വീടുകളിലാണ് കുടിവെള്ള വിതരണം നടത്തുന്നത്. 75 പൊതു ടാപ്പുകൾ വഴിയും കുടിവെള്ളമെത്തിക്കുന്നുണ്ട്. 15 ലക്ഷം ലിറ്റർ വെള്ളമാണ് ദിവസേന വിതരണം നടത്തുന്നത്.
നൂൽപ്പുഴയിൽ നിന്നെത്തിക്കുന്ന വെള്ളം കല്ലുമുക്കിലെ ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്നുമാണ് ശുദ്ധീകരിക്കുന്നത്. അനുമോദന സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയൽ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടിൽ, സ്ഥിരം സമിതി അധ്യക്ഷരായ ജയ മുരളി, കെ.വി. ശശി, സുജാത ഹരിദാസ്, അംഗങ്ങളായ വി.ടി. ബേബി, ബിന്ദു അനന്തൻ, നെൻമേനി ശുദ്ധജല വിതരണ സൊസൈറ്റി എക്സിക്യൂട്ടീവ് അംഗം കെ.പി. സുരേഷ്, സെക്രട്ടറി ബിജു തുടങ്ങിയവർ പ്രസംഗിച്ചു.