വീടിന്റെ അപകടാവസ്ഥ നഗരസഭ പരിഹരിക്കണം: മനുഷ്യാവകാശ കമ്മീഷൻ
1280037
Thursday, March 23, 2023 12:12 AM IST
കൽപ്പറ്റ: മാനന്തവാടി അന്പുകുത്തി ഇല്ലത്തുമൂല റോഡ് വികസനത്തിന് രണ്ടരമീറ്ററോളം ഉയരത്തിലിരുന്ന വീടിന്റെ മുൻഭാഗം കുഴിച്ചതിനെ തുടർന്ന് വീട് അപകടാവസ്ഥയിലായ സാഹചര്യത്തിൽ മൂന്നു മാസത്തിനകം ആവശ്യമായ നടപടികൾ സ്വീകരിച്ച് വീടിന്റെ അപകടാവസ്ഥ പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
വീടിന്റെ അപകടാവസ്ഥ പരിഹരിക്കാൻ പൊതുമരാമത്ത് വകുപ്പ് വിമുഖത പ്രകടിപ്പിച്ച സാഹചര്യത്തിൽ നഗരസഭ തന്നെ ഇക്കാര്യം ഏറ്റെടുക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
മാനന്തവാടി നഗരസഭാ സെക്രട്ടറിക്കാണ് കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ് ഉത്തരവ് നൽകിയത്. സ്വീകരിച്ച നടപടികൾ മൂന്നുമാസത്തിനകം അറിയിക്കണം. മാനന്തവാടി കല്ലിയോട് ഇനറ്റിക്കപറന്പിൽ ഇ.ബി. സലിം സമർപ്പിച്ച പരാതിയിലാണ് നടപടി.
അഞ്ച് കോടി ചെലവാക്കി 2019-2020 ൽ പൊതുമരാമത്ത് വകുപ്പ് നിർമിച്ച റോഡ് കാരണം പരാതിക്കാരന്റെ വീട് അപകടാവസ്ഥയിലാണെന്ന് മാനന്തവാടി നഗരസഭാ സെക്രട്ടറി കമ്മീഷനെ അറിയിച്ചു. വീടിന് സംരക്ഷണ ഭിത്തി നിർമിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന് കത്ത് നൽകിയിട്ടുണ്ടെന്നും ഇതിന് 25 ലക്ഷം രൂപ ചെലവു വരുമെന്നും റിപ്പോർട്ടിലുണ്ട്. നഗരസഭക്ക് ഇതിനുള്ള സാന്പത്തിക സ്ഥിതിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സംരക്ഷണഭിത്തി നിർമിക്കണമെന്ന ആവശ്യം പരാതിക്കാരൻ യഥാസമയം ഉന്നയിച്ചിട്ടില്ലെന്നും പൊതുമരാമത്ത് വകുപ്പ് പ്രസ്തുത റോഡിലെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതാണെന്നും പൊതുമരാമത്ത് വകുപ്പ് റിപ്പോർട്ടിൽ പറയുന്നു. വീട് അപകടാവസ്ഥയിലാണെന്നും റോഡ് നിർമാണത്തെ തുടർന്നാണ് അപകടാവസ്ഥ ഉണ്ടായതെന്നും നഗരസഭാ സെക്രട്ടറി സമ്മതിച്ചതായി കമ്മീഷൻ ചൂണ്ടിക്കാണിച്ചു. റോഡ് മുനിസിപ്പാലിറ്റിയുടെ ആസ്തിയിൽ ഉൾപ്പെടുന്ന സാഹചര്യത്തിൽ വീടിന്റെ അപകടാവസ്ഥ ഒഴിവാക്കാൻ നടപടിയെടുക്കേണ്ടത് നഗരസഭയാണെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.