ശുചിത്വ നഗരം സുന്ദര ഗ്രാമം പദ്ധതിയുമായി ബത്തേരി നഗരസഭ ബജറ്റ്
1279763
Tuesday, March 21, 2023 11:17 PM IST
സുൽത്താൻ ബത്തേരി: സന്തുലിത വികസനം ലക്ഷ്യം വച്ചുള്ള സുസ്ഥിര വികസനവുമായി ബത്തേരി നഗരസഭയുടെ 2023 - 2024 വർഷത്തേക്കുള്ള ബജറ്റ് ഡെപ്യൂട്ടി ചെയർപേഴ്സണ് എൽസി പൗലോസ് അവതരിപ്പിച്ചു. ചെയർപേഴ്സണ് ടി.കെ. രമേശ് അധ്യക്ഷത വഹിച്ചു. സന്തോഷ സൂചിക ഉയർത്തി ഗ്രാമപ്രദേശങ്ങളെ ഉൾപ്പെടെ സൗന്ദര്യവത്കരണത്തിന്റെ ഭാഗമാക്കി മാറ്റുന്നതിനും അതിലൂടെ നഗരസഭ വിനോദ സഞ്ചാര ഹബ്ബാക്കി മാറ്റുന്നതിനുള്ള പദ്ധതികൾ ബജറ്റ് മുന്നോട്ടു വച്ചു. 53.802 കോടി വരവും 53.223 കോടി ചെലവും 57.889 ലക്ഷം നീക്കിയിരിപ്പുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്.
തെരഞ്ഞെടുക്കപ്പെടുന്ന കോളനികളെ മാതൃകാ ഉൗരുകളാക്കി മാറ്റുന്ന പദ്ധതിക്ക് ഒന്നാം ഘട്ടത്തിൽ 50 ലക്ഷം, സത്രം കുന്നിൽ കണ്വൻഷൻ സെന്റർ ഉൾപ്പെടെയുള്ള ടൂറിസം കേന്ദ്രം, സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ ചുങ്കം മുതൽ ബ്ലോക്ക് ഓഫീസ് വരെ ബുലേ വാർഡ് ടൂറിസം സ്ട്രീറ്റ്, ഡിടിപിസി യുമായി സഹകരിച്ച് മണിച്ചിറ ചിറ നവീകരണം. ചിത്ര, ചരിത്ര സംസ്കാര നഗരിയാക്കി നഗരസഭയെ മാറ്റുന്ന പദ്ധതി. ചെറുകിട വ്യവസായ സംരംഭക നൈപുണി വികസന പദ്ധതി, കാർഷിക ഉത്പന്ന സംഭ, സംസ്കരണം കുലത്തൊഴിൽ നവീകരണ പരിശീലനം, യുവ സംരംഭകർക്ക് നൈപുണി പരിശീലനം എന്നിവയ്ക്കും ബജറ്റിൽ തുക വകയിരുത്തി.
പുതിയ ബസ് സ്റ്റാൻഡ്, പഴയ മത്സ്യ മാംസ മാർക്കറ്റിൽ ഷോപ്പിംഗ് കോംപ്ലക്സ്, ശ്മശാനത്തിൽ ആധുനിക രീതിയിലുള്ള ക്രമിറ്റോറിയം, വഴി വിളക്കുകൾ, വനിതകളുടെ ജീവിത നിലവാരമുയർത്താൻ വിവിധ പദ്ധതികൾ, വനിതാ വിശ്രമകേന്ദ്രം, ശിശു പരിപാലന കേന്ദ്രം, വനിതാ സംരഭകത്വ പ്രോത്സാഹനം. ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ, സ്വയം തൊഴിൽ സംരംഭങ്ങൾ എന്നിവയ്ക്ക് ബഡ്ജറ്റ് ഉൗന്നൽ നൽകുന്നു.
വിദ്യാഭ്യാസ മേഖലയിൽ ഒരു കോടി, പാർപ്പിട നിർമാണം റിപ്പയർ ഉൾപ്പെടെ വായ്പ കൂടി സ്വീകരിച്ചുകൊണ്ട് 8.37 കോടി, ഉദ്പാദന മേഖലയ്ക്കായി 1.70 കോടി, ആരോഗ്യ മേഖലയിൽ വിവിധ പദ്ധതികൾക്കായി ഒരു കോടി, അതി ദരിദ്രരെ പുനരധിവസിപ്പിക്കുന്നതിനും കുടുംബശ്രീ പ്രവർത്തനങ്ങൾക്കുമായി 28.50 ലക്ഷം എന്നിങ്ങനെയാണ് ബജറ്റിൽ തുക വകയിരുത്തിയത്.