എബിസിഡി ക്യാന്പ്: മേപ്പാടിയിൽ 2,953 പേർക്ക് ആധികാരിക രേഖകളായി
1245549
Sunday, December 4, 2022 12:49 AM IST
കൽപ്പറ്റ: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ മേപ്പാടിയിൽ സംഘടിപ്പിച്ച അക്ഷയ ബിഗ് കാന്പയിൻ ഫോർ ഡോക്യുമെന്റ് ഡിജിറ്റലൈസേഷൻ(എബിസിഡി) ക്യാന്പിൽ 2,953 പേർക്ക് ആധികാരിക രേഖകളായി.
പട്ടികവർഗക്കാർക്ക് ആധികാരിക രേഖകൾ ലഭ്യമാക്കി ഡിജിറ്റൽ ലോക്കറിൽ സൂക്ഷിക്കാൻ അവസരം ഒരുക്കുന്നതിനു നടത്തിയതാണ് ക്യാന്പ്. 1,534 ആധാർ കാർഡുകൾ, 434 റേഷൻ കാർഡുകൾ, 1522 ഇലക്ഷൻ ഐഡി കാർഡുകൾ, 335 ബാങ്ക് അക്കൗണ്ടുകൾ, 64 ആരോഗ്യ ഇൻഷ്വറൻസ് കാർഡുകൾ, 987 ഡിജിലോക്കർ, 1,994 മറ്റു രേഖകൾ ഉൾപ്പെടെ 6,870 സേവനങ്ങൾ നാല് ദിവസങ്ങളിലായി നടന്ന ക്യാന്പിൽ ലഭ്യമാക്കി.
സമാപന സമ്മേളനം ജില്ലാ കളക്ടർ എ. ഗീത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഓമന രമേശ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റംല ഹംസ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാജു ഹെജമാടി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. അബ്ദുൾ അസീസ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് സുനീറ മുഹമ്മദ് റാഫി, എഡിഎം എൻ.ഐ. ഷാജു, ഡെപ്യൂട്ടി കളക്ടർ കെ. ദേവകി, ജില്ലാ പ്ലാനിംഗ് ഓഫീസർ ആർ. മണിലാൽ, വൈത്തിരി തഹസിൽദാർ എം.കെ. ശിവദാസൻ, അക്ഷയ കോ ഓർഡിനേറ്റർ ജിൻസി ജോസഫ്, എന്നിവർ പ്രസംഗിച്ചു.