മാനന്തവാടി ക്ഷീരസംഘം ഗോപാൽരത്ന പുരസ്കാരം ഏറ്റുവാങ്ങി
1244655
Thursday, December 1, 2022 12:22 AM IST
മാനന്തവാടി: രാജ്യത്തെ മികച്ച ക്ഷീരസംഘത്തിനുള്ള ഗോപാൽരത്ന പുരസ്കാരം മാനന്തവാടി ക്ഷീരസംഘം ഭാരവാഹികൾ ബംഗളൂരു ഡോ.ബാബു രാജേന്ദ്രപ്രസാദ് ഇന്റർനാഷണൽ കണ്വൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ഏറ്റുവാങ്ങി. കേന്ദ്ര കൃഷി-മൃഗസംരക്ഷണ മന്ത്രി സഞ്ജീവ്കുമാർ വാല്യയിൽനിന്നു സംഘം പ്രസിഡന്റ് പി.ടി. ബിജു, സെക്രട്ടറി എം.എസ്. മഞ്ജുഷ എന്നിവരാണ് പുരസ്കാരം സ്വീകരിച്ചത്.
രാഷ്ട്രപതി ദ്രൗപദി മൂർമുവിന്റെ ആംശസാസന്ദേശം ചടങ്ങിൽ വായിച്ചു. പുരസ്കാരം ലഭിച്ചതിൽ ആഹ്ളാദം അറിയിച്ച് സംഘം ഭരണസമിതി അംഗങ്ങളും ജീവനക്കാരും ടൗണിൽ റാലി നടത്തി. സണ്ണി ജോർജ്, ബിജു അന്പിതറ, ഗിരിജ മഠത്തിൽ, സി.സി. രാമൻ എന്നിവർ നേതൃത്വം നൽകി.
കുതിരവട്ടം-ചെറിയേരി റോഡ് തകർന്നു
ഗൂഡല്ലൂർ: ചേരങ്കോട് പഞ്ചായത്തിലെ കുതിരവട്ടം-ചെറിയേരി റോഡ് തകർന്നു. മഴ പെയ്തതോടെ പലയിടത്തും വെള്ളക്കെട്ടുകളും രൂപപ്പെട്ടിട്ടുണ്ട്. ഇരുചക്രവാഹനങ്ങൾക്ക് പോലും സഞ്ചരിക്കാൻ പറ്റാത്ത സ്ഥിതിയാണുള്ളത്. വാഹനങ്ങൾ ട്രിപ്പ് വിളിച്ചാൽ പോലും വരുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു. രോഗികളെപോലും ആശുപത്രിയിലെത്തിക്കാൻ പറ്റാത്ത സ്ഥിതിയാണുള്ളത്. റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാർ ജില്ലാ ഭരണകൂടത്തോടും പഞ്ചായത്ത് അധികൃതരോടും ആവശ്യപ്പെട്ടു.