വിഴിഞ്ഞം സമരം അടിച്ചമർത്താനുള്ള നീക്കം ഉപേക്ഷിക്കണം: കത്തോലിക്ക കോണ്ഗ്രസ്
1244648
Thursday, December 1, 2022 12:22 AM IST
മാനന്തവാടി: വിഴിഞ്ഞം സമരം അടിച്ചമർത്താനുള്ള നീക്കം സംസ്ഥാന സർക്കാർ ഉപേക്ഷിക്കണമെന്നു കത്തോലിക്ക കോണ്ഗ്രസ് രൂപത സമിതി ആവശ്യപ്പെട്ടു. തുറമുഖ നിർമാണത്തിനു കല്ലുമായി എത്തിയ ലോറികൾ സമരസമിതി സമാധാനപരമായി തടഞ്ഞപ്പോൾ ഒരുകൂട്ടം തുറമുഖാനുകൂലികൾ പ്രകോപനം സൃഷ്ടിക്കുകയും കല്ലേറ് നടത്തുകയും ചെയ്തു. സംഘർഷം തടയാൻ പോലീസ് ഫലപ്രദമായി ഇടപെടുന്നതിനു പകരം അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്.
തിരുവനന്തപുരം അതിരൂപത ബിഷപ് ഉൾപ്പെടെയുള്ളവരെ പ്രതികളാക്കി കേസുകൾ ചാർജ് ചെയ്തത് തികച്ചും പ്രതിഷേധാർഹമാണ്. കള്ളക്കേസുകൾ പിൻവലിക്കാൻ പോലീസ് തയാറാകണം. സമരക്കാരെ ആക്രമിച്ചവർക്കെതിരേ പേരിന് കേസെടുക്കുക മാത്രമാണ് ചെയ്തത്. കോർപറേറ്റ് താത്പര്യങ്ങൾക്കായി ബദ്ധശത്രുക്കളായ രാഷ്ട്രീയ പാർട്ടികൾ ഒന്നിച്ചു അക്രമം അഴിച്ചുവിടുന്നത് പാവപ്പെട്ടവരോടുള്ള വെല്ലുവിളിയാണ്. സമരസമിതി പ്രവർത്തകർക്കെതിരേ വർഗീയ വികാരം ഇളക്കിവിടാനുള്ള ശ്രമങ്ങളെ ഗൗരവതരമായി കണ്ട് നിയന്ത്രിക്കാൻ സർക്കാർ തയാറാകുന്നില്ല.
വർഗീയസംഘർഷത്തിനു കോപ്പുകൂട്ടുന്നവരെ കർശനമായി നേരിടുന്നതിനുപകരം സംരക്ഷിക്കാൻ ശ്രമിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്കു കാരണമാകും. യഥാർഥ കുറ്റക്കാർക്കെതിരേ നടപടിയെടുക്കാൻ സർക്കാർ തയാറാകണമെന്നും സമിതി ആവശ്യപ്പെട്ടു വിഴിഞ്ഞം സമരത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു. പ്രസിഡന്റ് ഡോ.കെ.പി. സാജു അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ.ജോബി മുക്കാട്ടുകാവുങ്കൽ, ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ പുരയ്ക്കൽ, ഗ്ലാഡിസ്, ജയ്സണ് തൊഴുത്തുങ്കൽ, ജയിംസ് തൈപ്പറന്പിൽ, സജി ഫിലിപ്പ്, തോമസ് എന്നിവർ പ്രസംഗിച്ചു.