ശാന്തി പാലിയേറ്റീവ് കെയറിനു അനുവദിച്ച ഡയാലിസിസ് മെഷീനുകളുടെ കൈമാറ്റം ഇന്ന്
1226803
Sunday, October 2, 2022 12:18 AM IST
കൽപ്പറ്റ: റോട്ടറി ക്ലബ് ശാന്തി പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിനു അനുവദിച്ച മൂന്നു ഡയാലിസിസ് മെഷീൻ, യുപിഎസ്, ടെലിവിഷനുകൾ, വാട്ടർ പ്യൂരിഫയർ എന്നിവ ഇന്നു കൈമാറും.
ബ്രസീലിലെ റിബേറോ പ്രറ്റോ റോട്ടറി ക്ലബ് അന്താരാഷ്ട്ര പ്രൊജക്ടിന്റെ ഭാഗമായി ലഭ്യമാക്കിയ തുകയും റോട്ടറി ഫൗണ്ടേഷൻ, കൽപ്പറ്റ റോട്ടറി ക്ലബ് എന്നിവയുടെ വിഹിതവും ഉൾപ്പെടെ 25 ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് ശാന്തി പാലിയേറ്റീവ് കെയറിനു നൽകുന്നത്.
രാവിലെ 10നു പാലിയേറ്റീവ് കെയർ ഓഫീസിൽ റോട്ടറി ഡിസ്ട്രിക്ട് ഗവർണർ പ്രമോദ് നായനാർ ഉപകരണങ്ങളുടെ കൈമാറ്റം നിർവഹിക്കും. റോട്ടറി ഫൗണ്ടേഷൻ ചെയർമാൻ, ഡോ.കെ. പദ്മനാഭൻ, കൽപ്പറ്റ റോട്ടറി ക്ലബ് പ്രസിഡന്റ് പി. സുരേഷ്, ശാന്തി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ പ്രസിഡന്റ് ടി.എസ്. ബാബു, സെക്രട്ടറി ഗഫൂർ താനേരി, റോട്ടറി ക്ലബ് അംഗങ്ങളായ കെ.പി. രവീന്ദ്രനാഥ്, ഷൈജു മാണിശേരി, സി. ജോസ് മാത്യു തുടങ്ങിയവർ പങ്കെടുക്കും.
സാന്ത്വന പരിചരണ രംഗത്ത് വർഷങ്ങളായി നടത്തിവരുന്ന പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് ഗ്ലോബൽ ഗ്രാന്റ് പദ്ധതിയിൽ ശാന്തി പാലിയേറ്റീവ് കെയറിനു ഡയാലിസിസ് മെഷീനുകൾ നൽകാൻ റോട്ടറി ക്ലബ് തീരുമാനിച്ചതെന്നു ഭാരവാഹികൾ പറഞ്ഞു.
കിടപ്പിലായവരടക്കം നൂറുകണക്കിനു രോഗികളുടെ ആശ്രയമാണ് ശാന്തി പാലിയേറ്റീവ് കെയർ. ഇവിടത്തെ യൂണിറ്റിൽ ദിവസം 24 രോഗികൾക്കു സൗജന്യ ഡയാലിസിസ് നൽകുന്നുണ്ട്. മൂന്നു മെഷീനുകൾ കൂടി സ്ഥാപിക്കുന്നതോടെ കൂടൂതൽ പേർക്കു ഡയാലിസിനു നൽകാനാകും.